ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗം പരാജയപ്പെട്ടു. ആര് എസ് എസ്സും സി പി എമ്മും ഒത്തു കളിക്കുന്നതായി രമേശ് ചെന്നിത്തല ആരോപിച്ചു. സര്‍ക്കാരിന് പിടിവാശിയാണെന്നും പ്രതിപക്ഷം ആരോപിച്ചു. യോഗം പ്രഹസനമായിരുന്നു എന്നു രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. അതേസമയം സര്‍ക്കാരിന് ദുര്‍വാശി ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെന്ന് ആരോപിച്ച് യുഡിഎഫ് യോഗം ബഹിഷ്കരിച്ചു. ശബരിമലയില്‍ പ്രശ്നം പരിഹരിക്കാനുള്ള അവസരം സര്‍ക്കാര്‍ കളഞ്ഞു കുളിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.”ഇറങ്ങിപ്പോവുകയല്ലാതെ മറ്റ് മാര്‍ഗമില്ലായിരുന്നു. സര്‍ക്കാര്‍ തുടക്കം മുതലെടുത്ത നിലപാട് തെറ്റാണ്. രണ്ട് ആവശ്യങ്ങളാണ് സര്‍ക്കാരിന് മുന്നില്‍ യുഡിഎഫ് മുന്നോട്ടുവച്ചത്. ഒന്ന് വിധി നടപ്പാക്കാന്‍ സാവകാശഹര്‍ജി നല്‍കണം എന്നതായിരുന്നു, രണ്ട് വിധി നടപ്പാക്കുന്നത് നിര്‍ത്തി വയ്ക്കണമെന്നതും. രണ്ട് ആവശ്യവും സര്‍ക്കാര്‍ തള്ളിക്കളഞ്ഞു. അതുകൊണ്ടാണ് യുഡിഎഫ് ഇറങ്ങിപ്പോന്നത്. ബിജെപിയും സിപിഎമ്മും പ്രശ്നം പരിഹരിക്കപ്പെടാതിരിക്കാന്‍ ഒത്തു കളിയ്ക്കുകയാണ്.” ചെന്നിത്തല സര്‍വകക്ഷിയോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോള്‍ പറഞ്ഞു.
യോഗത്തില്‍ എല്ലാ കക്ഷികളും സംസാരിച്ച ശേഷം തന്റെ മറുപടിപ്രസംഗം തീര്‍ന്നപ്പോള്‍ ഒരു കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് എഴുന്നേറ്റ പ്രതിപക്ഷനേതാവ് ബഹിഷ്കരണം പ്രഖ്യാപിക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. യോഗം തീര്ന്നിട്ടെന്ത് ബഹിഷ്കരണമെന്ന് ചോദിച്ചതിന് മറുപടിയുണ്ടായില്ലെന്നും മുഖ്യമന്ത്രി പരിഹസിച്ചു. വിശ്വാസികള്‍ക്കൊപ്പമാണ് സര്‍ക്കാര്‍. വിശ്വാസികള്‍ക്ക് സംരക്ഷണം നല്‍കും. ഒരാശങ്കയും ഇക്കാര്യത്തില്‍ വേണ്ട. ശബരിമലയെ കൂടുതല്‍ യശസ്സോടെ ഉയര്‍ത്തിക്കൊണ്ടുവരികയാണ് ലക്ഷ്യം. ആവശ്യമായ ക്രമീകരണങ്ങള്‍ അവിടെ ഒരുക്കിവരുന്നു. യുവതീപ്രവേശനക്കാര്യത്തില്‍ സര്‍ക്കാരിന് മുന്നില്‍ വേറെ പോംവഴിയില്ല. 22ന് ഹര്‍ജികള്‍ കേള്‍ക്കുന്നുണ്ടെന്ന് മാത്രമല്ല കോടതി പറഞ്ഞിട്ടുള്ളത്. സെപ്തംബര്‍ 28ന്റെ വിധി അതുപോലെ നിലനില്‍ക്കുന്നുവെന്ന് കൂടിയാണ്. അതിനര്‍ത്ഥം 10നും 50നുമിടയ്ക്ക് പ്രായമുള്ള സ്ത്രീകള്‍ക്ക് വരാമെന്നാണ്. അപ്പോള്‍ നമുക്ക് ചെയ്യാവുന്നത് അവിടെ ചില ക്രമീകരണങ്ങള്‍ ഒരുക്കാമെന്നത് മാത്രമാണ് മുഖ്യമന്ത്രി വിശദീകരിച്ചു
രൂക്ഷവിമര്‍ശനമാണ് ബിജെപിയും കോണ്‍ഗ്രസും സര്‍വകക്ഷിയോഗത്തില്‍ സര്‍ക്കാരിനെതിരെ ഉന്നയിച്ചത്. സര്‍ക്കാര്‍ വിശ്വാസികളെ പരിഗണിക്കുന്നില്ലെന്നും അപമാനിക്കുകയാണെന്നും ബിജെപി സംസ്ഥാനാധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള യോഗത്തില്‍ ആരോപിച്ചു. വിധി നടപ്പാക്കാന്‍ സാവകാശം തേടിയുള്ള ഹര്‍ജി നല്‍കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
നിയമപരമായ കാര്യങ്ങള്‍ കൂടി ചര്‍ച്ച ചെയ്യുന്ന യോഗത്തില്‍ നിയമമന്ത്രി എ.കെ.ബാലന് പങ്കെടുത്തില്ല. സുപ്രീംകോടതി ഉത്തരവ് വന്നതിന് തൊട്ടുപിന്നാലെ വിട്ടുവീഴ്ച വേണമെന്ന തരത്തില്‍ പ്രസ്താവന നടത്തിയതു കൊണ്ടാണ് എ.കെ.ബാലനെ യോഗത്തിലേയ്ക്ക് ക്ഷണിക്കാതിരുന്നതെന്നാണ് സൂചന.
ശബരിമലയില്‍ പ്രശ്നപരിഹാരത്തിനായി സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗം 11 മണിയ്ക്കാണ് തുടങ്ങിയത്. മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം നടന്നത്.