കൊച്ചി: ജലന്ധര്‍ മുന്‍ ബിഷപ്പ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് കോടതി ഫ്രാങ്കോയ്ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേരളത്തില്‍ പ്രവേശിക്കരുതെന്നുള്ളതാണ് ഉപാധികളില്‍ പ്രധാനം. പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്നും ജാമ്യ വ്യവസ്ഥയിലുണ്ട്.
രണ്ടാഴ്ച കൂടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നിലെത്തി ഒപ്പിടണം. കൂടാതെ അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്നും, സാക്ഷികളെ സ്വാധീനക്കാനുള്ള ശ്രമം നടത്തരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ഫ്രാങ്കോയ്ക്ക് ജാമ്യം അനുവദിക്കുന്നതില്‍ പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നും കാര്യമായ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നില്ല. കന്യാസ്ത്രീകളില്‍ ഏഴു പേരുടെ രഹസ്യ മൊഴി രേഖപ്പെടുത്തിക്കഴിഞ്ഞ സാഹചര്യത്തില്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന ആശങ്കയ്ക്ക് ഇനി അടിസ്ഥാനമില്ലെന്ന നിഗമനത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്.