ജലന്ധര്‍: ജലന്ധര്‍ ബിഷപ്പിനെ രക്ഷിക്കുവാന്‍ കന്യാസ്ത്രീകള്‍ക്ക് കോച്ചിങ് നല്‍കുന്നതായി തെളിവ്. മൊഴി അനുകൂലമാക്കുവാന്‍ വൈദികരാണ് കോച്ചിങ് നല്‍കുന്നതെന്നാണ് വ്യക്തമാകുന്നത്. മൂന്ന് കന്യാസ്ത്രീകള്‍ക്കാണ് വൈദികര്‍ ഇത്തരത്തില്‍ കോച്ചിങ് നല്‍കിയത്. ഇതിന് നേതൃത്വം നല്‍കിയത് ജലന്ധര്‍ രൂപതയിലെ പിആര്‍ഒ ആണ്.
അതേസമയം, കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വത്തിക്കാന്‍ രംഗത്തെത്തിയിട്ടുണ്ട്. രണ്ട് ദിവസത്തിനകം നടപടി ഉണ്ടാകുമെന്നാണ് സൂചന. ബിഷപ്പിനോട് തല്‍സ്ഥാനത്ത് നിന്ന് മാറി നില്ക്കാന് വത്തിക്കാന്‍ ആവശ്യപ്പെട്ടേക്കും. കേരളത്തിലെ സഭാ നേതൃത്വത്തില്‍ നിന്ന് വത്തിക്കാന്‍ അടിയന്തരമായി വിവരങ്ങള്‍ തേടിയിട്ടുണ്ട്.
പരാതിയില്‍ വത്തിക്കാന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കന്യാസ്ത്രീ കത്ത് നല്‍കിയിരുന്നു. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതിക്കും സഭയുമായി ബന്ധപ്പെട്ട 21 ആളുകള്‍ക്കുമാണ് കന്യാസ്ത്രീ കത്തയച്ചിരുന്നത്.
മിഷണറീസ് ഓഫ് ജീസസിലെ മറ്റ് പല കന്യാസ്ത്രീകളെയും കഴുകന് കണ്ണുകളുമായാണ് ബിഷപ്പ് ഫ്രാങ്കോ കാണുന്നതെന്നായിരുന്നു കന്യാസ്ത്രീ കത്തില്‍ പറഞ്ഞത്. ബിഷപ്പിന്റെ പേരില്‍ ഇതിന് മുമ്പും മറ്റ് പലരും പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ പരാതി നല്‍കുന്നവരെ ഇതര സംസ്ഥാനത്തേക്ക് സ്ഥലം മാറ്റി പരാതി ഒതുക്കുകയാണ് ബിഷപ്പിന്റെ പതിവ് രീതി. ബിഷപ്പുമായുള്ള പ്രശ്നത്തെത്തുടര്‍ന്ന് മിഷണറീസ് ഓഫ് ജീസസില്‍ നിന്ന് അഞ്ച് വര്‍ഷത്തിനിടെ 20 കന്യാസ്ത്രീകള്‍ പിരിഞ്ഞ് പോയിട്ടുണ്ടെന്നും കത്തില്‍ ആരോപിച്ചിരുന്നു.രാഷ്ട്രീയ ശക്തിയും പണവും ഉപയോഗിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും സര്‍ക്കാരിനെയും ബിഷപ്പ് ഫ്രാങ്കോ സ്വാധീനിച്ചിരിക്കുകയാണ്. സഭയെ അമ്മയായാണ് കണ്ടതെന്നും എന്നാല്‍ അനുഭവം കന്യാസ്ത്രീകള്‍ക്ക് സഭ രണ്ടാനമ്മയാണെന്ന് തെളിയിച്ചെന്നും കത്തില്‍ പറയുന്നു. സഭ സംരക്ഷണം നല്‍കുന്നത് ബിഷപ്പിന് മാത്രമെന്നും കന്യാസ്ത്രീകള്‍ക്ക് നീതി നല്‍കുന്നില്ലെന്നും കത്തില്‍ കുറ്റപ്പെടുത്തിയിരുന്നു.
ബിഷപ്പ് ഫ്രാങ്കോ മുളക്കലില്‍ നിന്നും ബലാത്സംഗം നേരിട്ട കന്യാസ്ത്രീയുടെ ഫോട്ടോയും അവരെ മോശമാക്കി ചിത്രീകരിച്ച് കുറിപ്പും പുറത്ത് വിട്ട നടപടിക്കെതിരെ കേസെടുത്തിരുന്നു. കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
സന്യാസി സഭയായ മിഷണറീസ് ഓഫ് ജീസസിനെതിരെയാണ് കേസ്. നേരത്തെ ഈ സംഭവത്തില്‍ ആലുവ സ്വദേശി അഡ്വ.ജിയാസ് ജമാലിന് പരാതി നല്‍കിയിരുന്നു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി ഇവര്‍ നല്‍കിയിരുന്നു. പരാതി നല്കിയ കന്യാസ്ത്രീയെ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് പരാതിക്കാരന് പറഞ്ഞിരുന്നു. കന്യാസ്ത്രീയെ തിരിച്ചറിയും വിധം പ്രസിദ്ധീകരിച്ചാല്‍ ഉത്തരവാദിയാകില്ലെന്ന മുന്നറിയിപ്പോടെയാണ് കന്യാസ്ത്രീയുടെ ഫോട്ടോയും അവരെ മോശമാക്കി ചിത്രീകരിച്ച് കുറിപ്പും മിഷനറീസ് ഓഫ് ജീസസ് മാധ്യമങ്ങള്‍ക്ക് കൈമാറിയത്. കന്യാസ്ത്രീയുടെ വെളിപ്പെടുത്തലുകളില്‍ വൈരുദ്ധ്യമുണ്ടെന്നും പ്രതിഷേധിക്കുന്ന കന്യാസ്ത്രീകള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ആരോപിച്ചുകൊണ്ടുള്ള വാര്‍ത്താകുറിപ്പിനൊപ്പമാണ് ചിത്രം പുറത്തുവിട്ടിരിക്കുന്നത്.