തിരുവനന്തപുരം: വാഴ്ത്തപ്പെട്ട ദേവസഹായം പിളളയെ വിശുദ്ധ പദവിയിലേക്കുയര്‍ത്തി. വത്തിക്കാനില്‍ വെച്ച് നടന്ന ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ ദേവസഹായം പിളളയെ വിശുദ്ധനായി പ്രഖ്യാപിച്ചു. ഇന്ത്യന്‍ സമയം ഉച്ചക്ക് ഒന്നരയ്ക്ക് നടന്ന ചടങ്ങില്‍ ദേവസഹായം പിളളയടക്കം പത്ത് പേരെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തി.
ദേവസഹായം പിള്ള രക്തസാക്ഷിത്വം വരിച്ച നാഗര്‍കോവിലിനടുത്ത കാറ്റാടിമലയിലും വിശുദ്ധപദവി പ്രഖ്യാപനവുമായി ബന്ധപ്പെട്ട ആഘോഷപരിപാടികള്‍ ഇന്നലെ മുതല്‍ തുടങ്ങിയിട്ടുണ്ട്. കാറ്റാടി മലയിലെ പളളിയില്‍ ഇന്ന് പ്രത്യേക കൃതജ്ഞത ബലി അര്‍പ്പച്ചു. ദേവസഹായം പിള്ളയുടെ പേരിലുള്ള ചാവല്ലൂര്‍പൊറ്റ പള്ളിയിലും, ദേവസഹായം പിള്ള സ്ഥാപിച്ച കമുകിന്‍കോട് പള്ളിയിലും പ്രത്യേക പ്രാര്‍ത്ഥന ചടങ്ങുകളുണ്ടായിരുന്നു. പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലില്‍ തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോയുടെ നേതൃത്വത്തില്‍ ദിവ്യബലിയും നടത്തി.
മാര്‍ത്താണ്ഡ വര്‍മ രാജാവിന്റെ കൊട്ടാരത്തില്‍ ഉദ്യോ?ഗസ്ഥനായിരുന്ന നീലകണ്ഠപിള്ളയാണ് ദേവസഹായം പിള്ളയായി മാറിയത്. ഒരു ഡച്ച് ഉദ്യോഗസ്ഥനിലൂടെയാണ് അദ്ദേഹം കത്തോലിക്ക വിശ്വാസത്തെ പറ്റി അറിയുന്നതും ക്രിസ്തുമതം സ്വീകരിക്കുന്നതും. 1745 മെയ് 17ന് ബുട്ടാരി എന്ന ഈശോ സഭ വൈദികനില്‍ നിന്നും ദേവസഹായം പിള്ള ജ്ഞാനസ്നാനം സ്വീകരിച്ചു. ക്രിസ്തു മതം സ്വീകരിച്ചതിനെ തുടര്‍ന്ന് ദേവസഹായം പിളളയെ വീട്ടുതടങ്കലിലാക്കുകയും പിന്നീട് മാര്‍ത്താണ്ഡ വര്‍മ രാജാവിന്റെ നിര്‍ദേശ പ്രകാരം 1752 ജനുവരി നാലിന് വെടിവെച്ചു കൊല്ലുകയുമായിരുന്നു. 2012 ഡിസംബര്‍ 2നാണ് കോട്ടാറില്‍ വെച്ച് ദേവസഹായം പിളളയെ വാഴ്ത്തപ്പെട്ടവനായി ഉയര്‍ത്തിയത്. ലേസര്‍ ദേവസഹായം പിളളയെന്നാണ് മുഴുവന്‍ പേര്. പഴയ തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന മാര്ത്താണ്ഡത്തിനടുത്ത (കന്യകുമാരി) നട്ടാലത്ത് ആണ് ദേവസഹായം പിളളയുടെ ജനനം.