പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരായി പോസ്റ്റര്‍ പതിപ്പിച്ച സംഭവത്തില്‍ കലാപാഹ്വാനത്തിന് കേസെടുത്ത് പൊലീസ്. പെതുജനമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്തുക, കലാപാഹ്വാനം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കുമ്പഴ സ്വദേശി സോഹില്‍ വി സൈമണ്‍ എന്നയാളാണ് പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ പൊലീസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഏബല്‍ ബാബുവിന്റെ കാര്‍ കസ്റ്റഡിയിലെടുത്തിരുന്നു. ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
സഭാ തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ കൊണ്ടു വരുന്ന ചര്‍ച്ച് ബില്ലില്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെതിരെ പ്രതിഷേധിച്ചായിരുന്നു വീണ ജോര്‍ജിനെതിരെ ഓര്‍ത്തഡോക്സ് യുവജന വിഭാഗം പോസ്റ്റര്‍ പതിപ്പിച്ചത്. ചര്‍ച്ച് ബില്ലില്‍ മന്ത്രി മൗനം വെടിയണം. പിണറായി വിജയന് നീതി പാലിക്കണമെന്നും പോസ്റ്ററില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ വിവിധ ഓര്‍ത്തഡോക്സ് പളളികളുടെ മുമ്പിലാണ് പോസ്റ്റര്‍ പതിച്ചിരുന്നത്.