ഉയിര്‍പ്പിന്റെയും പ്രതീക്ഷയുടെയും സന്ദേശവുമായി ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. യേശുദേവന് കുരിശിലേറിയ ശേഷം മൂന്നാം നാള് ഉയര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ്മ പുതുക്കിയാണ് 50 ദിവസത്തെ വ്രതാചരണത്തിന്റെ വിശുദ്ധിയോടെ് വിശ്വാസികള്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നത്.
ഈസ്റ്ററിന് മുന്‍പുള്ള ഓശാന ഞായറാഴ്ചയോടെയാണ് വിശുദ്ധ വാരം തുടങ്ങിയത്.
മനുഷ്യരാശിക്കു വേണ്ടി കുരിശില്‍ മരിച്ച യേശു ക്രിസ്തു മരിച്ചവര്‍ക്കിടയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ് ലോകത്തിന് രക്ഷ പ്രദാനം ചെയ്തെന്നാണ് വിശ്വാസം. 40 ദിവസത്തെ നോമ്പ് മുറിച്ച് വിരുന്നോട് കൂടി യേശുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനെ ക്രൈസ്തവര്‍ ആഘോഷമാക്കുന്നു.
കുരിശുമരണത്തെ ജയിച്ച് ക്രിസ്തു ഉത്ഥാനം ചെയ്തതിന്റെ ഓര്‍മയില്‍ സംസ്ഥാനത്തെ വിവിധ പള്ളികളില്‍ ശുശ്രൂഷകളും പ്രാര്‍ത്ഥനയും നടന്നു. പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ നടന്ന ഈസ്റ്റര്‍ ശുശ്രൂഷകള്‍ക്ക് ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ ആണ് നേതൃത്വം നല്‍കിയത്. നമുക്ക് ചുറ്റും നിരാശ പരത്തുന്ന കാര്യങ്ങളാണ് കാണുന്നതെന്നും ഈ സാഹചര്യത്തിലാണ് പ്രത്യാശയുടെ പ്രകാശവുമായി ഈസ്റ്റര്‍ സന്ദേശം മനസുകളിലേക്ക് എത്തുന്നതെന്നും ബിഷപ്പ് പറഞ്ഞു.
അര്‍ധരാത്രി മുതല്‍ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു. ലോകത്തിന്റെ പാപങ്ങള്‍ ചുമലിലേറ്റി കുരിശില്‍ തറയ്ക്കപ്പെട്ട യേശുദേവന് മൂന്നാം നാള് ഉയര്‍ത്തെഴുന്നേറ്റത്തിന്റെ സ്മരണയാണ് ഈസ്റ്റര്‍. ക്രൈസ്തവ വിശ്വാസത്തിന്റെ അടിത്തറയാണ് ക്രിസ്തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ്.