തിരുവനന്തപുരം: യേശുവിന്റെ പീഡാനുഭവത്തിന്റെയും കുരിശു മരണത്തിന്റെയും ഓര്മ പുതുക്കിയാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ദുഃഖവെള്ളി ആചരിക്കുന്നത്. ഇന്ന് വിവിധ ഇടങ്ങളില്‍ ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ കുരിശിന്റെ വഴി നടത്തും. യേശു മരണത്തിന് വിധിക്കപ്പെട്ടതിന് ശേഷം പീലാത്തോസിന്റെ ഭവനത്തില്‍ നിന്ന് ഗാഗുല്‍ത്താമലയുടെ മുകളിലേക്ക് കുരിശ് വഹിച്ച് നടത്തിയ യാത്രയാണ് വിശ്വാസികള്‍ അനുസ്മരിക്കുന്നത്.
മാനവകുലത്തിന്റെ രക്ഷയ്ക്ക് വേണ്ടിയായിരുന്നു യേശു പീഡകള്‍ സഹിച്ച് കുരിശില്‍ മരിച്ചത്. കുരിശുമരണത്തിലൂടെ യേശു മാനവരാശിക്ക് നല്കിയ പുതുജീവിതത്തിന്റെ ഓര്മാചാരം കൂടിയാണ് ദുഃഖ വെള്ളി. മാനവരുടെ പാപങ്ങള്‍ സ്വയം ഏറ്റെടുത്ത് മുള്‍ക്കിരീടവും ചൂടി കുരിശും തോളിലേറ്റി ചാട്ടവാറടിയും കൊണ്ടാണ് യേശുദേവന് തന്റെ ജീവന് ത്യാഗമായി അര്‍പ്പിച്ചത്. അതുകൊണ്ടുതന്നെ യേശുവിന്റെ കുരിശുമരണം വലിയൊരു നന്മയ്ക്കു വേണ്ടിയായിരുന്നു എന്ന അര്‍ഥത്തിലാണ് ഗുഡ് ഫ്രൈഡേ എന്ന് ഉപയോഗിക്കുന്നതെന്നും പറയപ്പെടുന്നു.ഇത് ഹോളി ഫ്രൈഡേ, ഗ്രേറ്റ് ഫ്രൈഡേ, ഗ്രേറ്റ് ആന്‍ഡ് ഹോളി ഫ്രൈഡേ എന്നും അറിയപ്പെടുന്നു.
ക്രൈസ്തവ സമൂഹത്തില്‍ ദുഃഖവെള്ളിക്ക് ഒരു പ്രധാന സ്ഥാനമുണ്ട്. ഈസ്റ്റര്‍ ഞായറാഴ്ചയ്ക്ക് മുമ്പും മാണ്ഡ വ്യാഴാഴ്ച ശേഷവും ഇത് ആചരിക്കുന്നു. പീലാത്തോസിന്റെ അരമനയില്‍ നിന്നാരംഭിച്ച വിചാരണയും ക്രിസ്തുവിന്റെ കുരിശ് ചുമന്നുള്ള പീഢാനുഭവ യാത്രയും കാല്‍വരി മലമുകളിലെ ജീവാര്‍പ്പണവും ഉള്‍ക്കൊള്ളുന്ന പീഢാനുഭവ ചരിത്രവായനയാണ് ദേവാലയങ്ങളില്‍ നടക്കുന്ന പ്രധാന ശുശ്രുഷകള്‍. സമാന്തര സുവിശേഷങ്ങളാണ് പീഢാനുഭവ ചരിത്ര വായനയുടെ ആധാരം. ആയിരകണക്കിന് വിശ്വാസികളാണ് ഇന്നേ ദിവസം ക്രിസ്തുവിന്റെ പീഢാനുഭവ വേളയെ അനുസ്മരിച്ച് ദേവാലയത്തില്‍ പ്രത്യേക പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്കായി എത്തുക.
കാക്കനാട് സെന്റ് തോമസ് മൗണ്ടില്‍ സിറോ മര്‍ബാര്‍ സഭ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും. എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ ബിഷപ്പ് ആന്റണി കരിയിലുമാണ് പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കുന്നത്. മുഖ്യ തീര്‍ത്ഥാടന കേന്ദ്രമായ മലയാറ്റൂരില്‍ ഇന്ന് രാവിലെ മുതല്‍ മല കയറ്റവും കുരിശിന്റെ വഴിയുമുണ്ട്.