തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞ് ഉപേക്ഷിക്കുന്ന ചുടുകല്ലുകള്‍ ശേഖരിച്ച് ഇന്ന് തന്നെ നഗരസഭ തീരുമാനിച്ച കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്. ഇത്തരമൊരു പ്രവര്‍ത്തി കോര്പ്പറേഷന് നടത്തുന്നുവെന്ന് അറിഞ്ഞ് ആദ്യം രംഗത്ത് വന്നത് ഡിവൈഎഫ്ഐ ആണെന്നും സംഘടനയുടെ ഭാഗമായി നില്ക്കുന്നതില് അഭിമാനമുണ്ടെന്നും മേയര്‍ ആര്യാ രാജേന്ദ്രന് പറഞ്ഞു. ചുടുകട്ടകള്‍ ശേഖരിക്കാന്‍ പ്രത്യേകം വളണ്ടിയര്‍മാരെ നിയോഗിച്ചിട്ടുണ്ട്. യുവജന ക്ഷേമ ബോര്‍ഡ് വളണ്ടിയര്‍മാരെ നല്‍കാമെന്ന് പറഞ്ഞിട്ടുണ്ട്. എയിംസ് കോളേജിലെ എന്‍എസ്എസ് ടീം ഉണ്ട്. പ്രത്യേക ടീം ആണ് പ്രവര്‍ത്തി ചെയ്യുകയെന്നും ആര്യാ രാജേന്ദ്രന് വ്യക്തമാക്കി.
കല്ലുകള്‍ക്കായി 10 അപേക്ഷ ഇതിനകം ലഭിച്ചിട്ടുണ്ട്. പ്രയോരിറ്റി തീരുമാനിച്ച് അവര്‍ക്ക് നല്‍കും. വിധവകളായവര്‍, സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവര് തുടങ്ങി നിരവധി പേരുണ്ട്.’ മേയര്‍ വിശദീകരിച്ചു. ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന ചുടുകല്ലുകള്‍ ശേഖരിച്ച് ലൈഫ് പദ്ധതിക്കുള്ള ഭവനനിര്‍മ്മാണത്തിന് ഉപയോഗിക്കുമെന്ന് ആര്യ രാജേന്ദ്രന് നേരത്തെ അറിയിച്ചിരുന്നു.