പിവിഎം അബ്ദുല്‍സലാം, ജമാഅത്ത് പ്രസിഡന്റ്
അഭിമാനപൂര്‍വ്വം,
അസ്സലാമു അലൈകും.
മുവാറ്റുപുഴ സെന്‍ട്രല്‍ മഹല്ല് ജമാ അത്തിന്റെ അഭിമാന പദ്ധതിയായ സകാത്തുല്മാല് നാലാം ഭവന പദ്ധതി പായിപ്ര പഞ്ചായത്ത് 3-ാം വാര്‍ഡില്‍ ബദരിയ്യ നഗറില്‍ നവംബര്‍ നാലിന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ മുബാറക്കായ കരങ്ങളാല്‍ എട്ട് ഉപഭോക്താകള്‍ക്ക് പൂര്‍ണ്ണ ഉടമസ്ഥാവകാശത്തോടെ കൈമാറ്റം ചെയ്യപ്പെടുകയാണ്.
മഹല്ലിലെ എല്ലാവരെയും ഭവന സുരക്ഷിതരാക്കുക എന്ന ലക്ഷ്യംവെച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്. മഹാരഥന്മാരായ മുന്‍ഗാമികള്‍ തുടങ്ങിവെച്ച മഹത്തായ പാത പിന്‍പറ്റിക്കൊണ്ടാണ് നിലവിലെ പള്ളി പരിപാലന സമിതി ഇമാം ശിഹാബുദ്ദീന് ഫൈസി (സക്കാത്ത് വക്കീല്‍) യുടെ നേതൃത്വത്തില്‍ എല്ലാ മഹല്ല് അംഗങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ട് ഈ പദ്ധതി യാഥാര്‍ഥ്യമാക്കിയത്. അതിസമ്പന്നര്‍ മുതല്‍ സാധാരണക്കാര്‍ വരെയുള്ള മഹല്ല് അംഗങ്ങള്‍ നല്കിയ സക്കാത്ത് വിഹിതംകൊണ്ടാണ് പദ്ധതി യാഥാര്‍ഥ്യമാക്കാനായത്.
ഭവന പദ്ധതി, പലിശരഹിത വായ്പ, യത്തീം സംരക്ഷണത്തിന് സാമ്പത്തിക സഹായം, വയോജനങ്ങള്‍ക്ക് പെന്ഷന്, ജാതിമതഭേദമെന്യേ അസുഖബാധിതര്‍ക്ക് ഡയാലിസിസിന് ധനസഹായം, തൊഴില്‍ ഉപകരങ്ങളുടെ വിതരണം, ആംബുലന്‍സ് സേവനം, എല്ലാ വര്‍ഷവും പിഎസ്സി കോച്ചിംഗ്, സംഘടിത ഉള്ഹിയത് തുടങ്ങിയവയാണ് മഹലിന്റെ പ്രധാന സേവന പ്രവര്‍ത്തനങ്ങള്‍. സിഎംജെക്ക് കീഴില്‍ അഞ്ചോളം പള്ളികളും, മദ്രസകളും, വനിതാ സെന്റര്‍, മിനി ഹാള്‍ എന്നിവയും പ്രവര്‍ത്തിക്കുന്നുണ്ട്.
മറ്റു മഹല്ലുകള്‍ക്ക് അനുകരണീയമായ ഇത്തരം പ്രോജക്ടുകള്‍ക്ക് തുടക്കംകുറിച്ചത് സിഎംജെയുടെ മുന്‍ സാരഥികളായ മര്‍ഹും ചാട്ടയില്‍ കെ.കെ ബഷീര്‍, ദീര്‍ഘകാലം സിഎംജെ സെക്രട്ടറിയായിരുന്ന മര്‍ഹും എ.ജെ. ഷംസുദ്ദീന്, വിശ്രമജീവിതം നയിക്കുന്ന ഹാജി ടി.എം. പരീത് സാഹിബ് തുടങ്ങിയവരാണ്. വനിതാ സെന്റര്‍ ആരംഭിക്കുന്നതിനായി 24 സെന്റ് സ്ഥലം വഖഫ് ചെയ്ത മര്‍ഹുമ ഹൗലത്ത് ഹജ്ജുമ്മ, പരിശുദ്ധ ഖുറാന് പഠനത്തിനുവേണ്ടി മാര്‍ക്കറ്റ് ബസ് സ്റ്റാന്റിന് സമീപം 5.5 സെന്റ് സ്ഥലവും വീടും വഖഫ് ചെയ്ത ആര്യങ്കാലായില്‍ മര്‍ഹുമ ആസിയ അമ്മു എന്നിവരുടെ സേവനം നന്ദിയോടെ ഈ അവസരത്തില്‍ സ്മരിക്കുന്നു. അവര്‍ ചെയ്ത സേവനങ്ങള്‍ക്ക് അര്‍ഹമായ പ്രതിഫലം അല്ലാഹു നല്കട്ടെ, ആമീന്‍.
മഹല്ലിലെ യുവാക്കളുടെ കൂട്ടായ്മയായ വെല്‍ഫയര്‍ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണ്. മഹല്ലിലെ കബര്സ്ഥാന് വികസനവുമായി ബന്ധപ്പെട്ട് 35 സെന്റ് സ്ഥലം വാങ്ങാന്‍ മുഴുവന്‍ മഹല്ല് അംഗങ്ങളുടെ പങ്കാളിത്തം കൊണ്ടാണ് സാധ്യമായത്. സെന്‍ട്രല്‍ മഹല്ല് ജമാ അത്ത് ഇപ്പോള്‍ നടപ്പിലാക്കുന്ന നാലാം ഭവനപദ്ധതി ഗുണഭോക്താക്കള്‍ക്ക് ലഘുനിബന്ധനകള് ഉള്‍പ്പെടുത്തി പൂര്‍ണ്ണ അവകാശത്തോടെയാണ് കൈമാറ്റം ചെയ്യുന്നത്. അര്‍ഹരായ എല്ലാ ഭവനരഹിതര്‍ക്കും വീടൊരുക്കുകയെന്നതാണ് സിഎംജെയുടെ കാഴ്ചപ്പാട്. തുടര്‍വര്‍ഷങ്ങളിലെ സക്കാത്ത് ഫണ്ടുകൊണ്ട് ലക്ഷ്യം കൈവരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് കമ്മിറ്റിക്കുള്ളത്. മഹല്ല് നിവാസികളുടെ പൂര്‍ണ്ണ സഹകരണത്തോടെ നടപ്പാക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ അല്ലാഹു സ്വീകരിക്കുമാറാകട്ടെ. സഹകരിച്ച എല്ലാവര്ക്കും അര്‍ഹമായ പ്രതിഫലം അല്ലാഹു നല്കുമാറാകട്ടെ, ആമീന്‍.
MARKETING CMJ – 2