പത്തനംതിട്ട: സഭാ തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ കൊണ്ടു വരുന്ന ചര്‍ച്ച് ബില്ലില്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെതിരെ പോസ്റ്റര്‍ പ്രതിഷേധവുമായി ഓര്‍ത്തഡോക്സ് യുവജന സംഘടനകള്‍.ചര്‍ച്ച് ബില്ലില്‍ മന്ത്രി മൗനം വെടിയണം. പിണറായി വിജയന് നീതി പാലിക്കണമെന്നും പോസ്റ്ററില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ വിവിധ ഓര്‍ത്തഡോക്സ് പളളികളുടെ മുമ്പിലാണ് പോസ്റ്റര്‍ പതിച്ചിട്ടുളളത്.
ശനിയാഴ്ച അര്‍ദ്ധ രാത്രിയിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. സഭാ തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ല് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് നേരത്തെ ഓര്‍ത്തഡോക്സ് സഭ പ്രമേയം കൊണ്ടുവന്നിരുന്നു. ഓര്‍ത്തഡോക്സ് സഭയുടെ അവകാശങ്ങളെ ഹനിക്കുന്നതാണ് ബില്ല്. ബില്ല് ഏകപക്ഷീയമാണെന്നും സഭാ പ്രതിനിധികള്‍ പറഞ്ഞു. ആരാധനാ സ്വാതന്ത്ര്യമെന്ന പേരില്‍ സുപ്രീംകോടതി വിധി മറികടക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പ്രമേയം കുറ്റപ്പെടുത്തി. ബില്ലിനെതിരെ തിരുവനന്തപുരം സെന്റ് ജോര്‍ജ് പളളിയില്‍ ഓര്‍ത്തഡോക്സ് സഭ പ്രതിഷേധ ഉപവാസ പ്രാര്‍ത്ഥനാ യജ്ഞവും നടത്തിയിരുന്നു.
1934 ലെ മലങ്കര ഭരണഘടന അനുസരിച്ചുളള, 2017 ല്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് അനുകൂലമായ സുപ്രീംകോടതി വിധിയെ തകിടം മറിക്കുന്നതാണ് ചര്‍ച്ച് ബില്ല്. കോടതി വിധി അസാധുവാക്കാനുളള ശ്രമം അംഗീകരിക്കില്ല. പ്രമേയം സര്‍ക്കാരിന് അയക്കുമെന്നും ഓര്‍ത്തഡോക്സ് സഭ പ്രതിനിധികള്‍ പറഞ്ഞിരുന്നു.