തിരുവനന്തപുരം :ശ്രീപത്മനാഭ സ്വാമി ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസറുടെ തൊഴിലാളിദ്രോഹ നടപടികൾക്കും അഴിമതിക്കെതിരെ ക്ഷേത്ര ജീവനക്കാർ അനശ്ചിതകാല പ്രതിഷേധ സമരം ആരംഭിച്ചു. ശ്രീപത്മനാഭ സ്വാമി ടെമ്പിൾ എംപ്ലോയീസ് യൂണിയൻ പ്രസിഡണ്ട് അഡ്വ.എസ്. എ. സുന്ദർ ഉത്ഘാടനം ചെയ്തു. കോവിഡ് കാലത്ത് ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാൻ പാടില്ലായെന്നിരിക്കെ ഏകപക്ഷീയമായി എക്സിക്യൂട്ടീവ് ഓഫീസർ വെട്ടിക്കുറച്ചു എന്നടക്കമുള്ള ആവശ്യം ഉന്നയിച്ചാണ് സമരം.
ക്ഷേത്രത്തിൽ റിട്ടയർഡ് ചെയ്ത ജീവനക്കാരെ കോവിഡ് സമയത്തും അനധികൃതമായി നിയമിച്ചു. നൂറോളം പകരം ജീവനക്കാരെ സ്ഥിരപ്പെടുത്താതെയാണ് വിരമിച്ച ജീവനക്കാരെ ജോലിയിൽ തിരിച്ചെടുത്തത്. ക്ഷേത്രത്തിൽ വിവിധ ധനശേഖരങ്ങൾ ഇരിക്കെ അത് എടുക്കാതെയാണ് എകസിക്യൂട്ടീവ് ഓഫീസർ ഏകപക്ഷീയമായി ശമ്പളം വെട്ടി കുറച്ചത്. ക്ഷേത്രം ലക്ഷദീപത്തിന് നടത്തിയ അനധികൃത പിരിവുകളെ സംബന്ധിച്ച് വിവരാവകാശ പ്രകാരം വിവരം ചോദിച്ചിട്ടും എക്സിക്യുട്ടീവ് ഓഫീസർ നൽകിയില്ല.ലക്ഷദീപത്തിൻ്റെ മറവിൽ നടത്തിയ അഴിമതിയെ കുറിച്ച് അന്വഷണം നടത്തണമെന്നും യൂണിയൻ ആവശ്യപ്പെട്ടിട്ടുണ്ട്.തിങ്കളാഴ്ച്ച ക്ഷേത്ര വടക്കെനടയിൽ നടത്തിയ സമരത്തിൽ യൂണിയൻ ജനറൽ സെക്രട്ടറി പി.രാജേന്ദ്രദാസ്, റ്റി.ആർ.അജയകുമാർ, കെ.എസ്.ബാബുരാജൻ, കെ.എസ്.അനിൽകുമാർ, ശരത്ത് എന്നിവർ പങ്കെടുത്തു.