മാവേലിക്കര: കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പില്‍ ഇഡിയുടെ അന്വേഷണം സജീവമായി നടക്കുമ്പോഴും മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് തട്ടിപ്പില്‍ ഇഡി അന്വേഷണം പാതി വഴിയില്‍. ഹൈക്കോടതി നിര്‍ദേശപ്രകാരം ക്രൈംബ്രാഞ്ച് അന്വേഷണം നടന്നിട്ടും ഫലമുണ്ടായില്ല. 60 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്ന മാവേലിക്കര സഹകരണ ബാങ്കിലെ നിക്ഷേപകര്‍ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി പറയാനൊരുങ്ങുകയാണ്.
2016 ഡിസംബറിലാണ് മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് തഴക്കര ശാഖയില്‍ നടന്ന കോടികളുടെ തട്ടിപ്പ് പുറത്തു വന്നത്. മാനേജര്‍, രണ്ട് ജീവനക്കാര്‍, ബാങ്ക് സെക്രട്ടറി എന്നിവരും പ്രസിഡന്റും ഭരണ സമിതി അംഗങ്ങളുമായിരുന്നു പ്രതികള്‍. സഹകരണ വകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ 38 കോടിയുടെ ക്രമക്കേട് കണ്ടെത്തിയിരുന്നു .അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ 65 കോടിയോളം വരുമെന്നാണ് സഹകരണ വകുപ്പ് കണക്കാക്കുന്നത്. 2017 മാര്‍ച്ചില്‍ കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു.
ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചെങ്കിലും സമയം നീട്ടി ചോദിച്ചു. കോടതി നിര്‍ദേശ പ്രകാരം 2021 ല്‍ ഇഡി അന്വേഷണം ഏറ്റെടുത്തു. നിക്ഷേപക കൂട്ടായ്മ കണ്‍വീനര്‍ ബി.ജയകുമാറില്‍ നിന്ന് മൊഴിയെടുത്തു. എന്നാല്‍ അന്വേഷണം അവിടം കൊണ്ട് അവസാനിച്ചു.
ഒന്‍പത് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ഫെബ്രുവരി 3 ന് ഹൈക്കോടതി നിര്‍ദേശിച്ചു. സമയപരിധി അവസാനിക്കാന്‍ രണ്ടു മാസം മാത്രമാണുള്ളത്. തുടര്‍നടപടികള്‍ ഒന്നുമുണ്ടായിട്ടില്ല. തട്ടിപ്പിന് ഉത്തരവാദികളായവരുടെ വസ്തുവകകള്‍ ലേലം ചെയ്ത് നിക്ഷേപകര്‍ക്ക് പണം നല്‍കാനുള്ള നടപടികളും എങ്ങുമെത്തിയില്ല. നിക്ഷേപകരില്‍ പത്തുപേര്‍ ചികില്‍സക്ക് പണമില്ലാതെ മരിച്ചു. സമ്പാദ്യം നഷ്ടമായ രണ്ടു പേര് ആത്മഹത്യ ചെയ്തു. മക്കളുടെ വിവാഹം, പഠനം, ചികില്‍സ, വീട് നിര്‍മാണം എന്നിവ മുടങ്ങിയവര്‍ വേറെയും.