പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പദ്ധതി നവംബര്‍ അവസാനം വരെ ദീര്‍ഘിപ്പി ക്കുമെന്ന് പ്രധാനമന്ത്രി. രണ്ടാം ഘട്ട ലോക്ക് ഡൗണ്‍ ഇളവുകളെക്കുറിച്ച് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പദ്ധതിക്കായി ആകെ ഒന്നര ലക്ഷം കോടി രൂപ ചിലവിടുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മാസം അഞ്ച് കിലോ അരി, ഒരു കിലോ പരിപ്പ് എന്നിവ ലഭിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൊവിഡ് 19 മഹാമാരിയുടെ കാര്യത്തില്‍ ലോകത്തെ മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യ ഇപ്പോഴും സ്ഥിരതയുള്ള അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് കൊവിഡിനെതിരായ പോരാട്ടം നിര്‍ണായക ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു . കൊവിഡിനെതിരായ പോരാട്ടത്തില്‍ തുടക്കത്തില്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ ജനങ്ങളില്‍ കാണുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
ലോക്ക് ഡൗണില്‍ നിന്ന് അണ്‍ലോക്കിലേക്ക് നമ്മള് നീങ്ങുകയാണ്. അതിതീവ്ര മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ വേണം. ഇവിടുത്തെ ആളുകള്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. 130 കോടി ജനങ്ങളുടെ ജീവന്റെ രക്ഷയുടെ കാര്യമാണിതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ലോക്ക് ഡൗണ്‍ കാലത്ത് പാവപ്പെട്ട കുടുംബങ്ങള്‍ പട്ടിണി കിടക്കാതിരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് സര്‍ക്കാര്‍ പ്രഥമ പരിഗണനയാണ് നല്‍കിയത്. ജന്‍ധന്‍ യോജന വഴി 31,000 കോടി രൂപ നല്കി. 20 കോടി പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഇതുമൂലം പ്രയോജനം ലഭിച്ചു. ഒമ്പത് കോടി കുടുംബങ്ങള്‍ക്ക് 18,000 കോടി രൂപ ബാങ്ക് അക്കൗണ്ടുകള്‍ വഴി നല്‍കിയതായും പ്രധാനമന്ത്രി പറഞ്ഞു.