ലൈംഗികബന്ധത്തിന് ഏറ്റവും അനുയോജ്യമായ സമയം എതെന്നു ചോദിക്കുന്നവരാണ് പല ദമ്പതികളും. രാത്രി മാത്രമേ ലൈംഗികബന്ധം പാടുളളൂവെന്നു വിശ്വസിക്കുന്നവരും കുറവല്ല. അതിനു പക്ഷേ അങ്ങനെയൊരു കൃത്യസമയമില്ലെന്നതാണ് സത്യം. ദമ്പതികൾ മനസ്സു കൊണ്ടും ശരീരം കൊണ്ടു തയാറെടുക്കുന്ന സമയമാണ് ഏറ്റവും അനുയോജ്യം. പല കുടുംബങ്ങളിലും ഭാര്യയും ഭർത്താവും ജോലി ചെയ്യുന്നവരാകാൻ സാധ്യതയുള്ളതിനാൽ ജോലി സമയക്രമങ്ങളും ലൈംഗിക ജീവിതത്തെ സാരമായി ബാധിക്കാറുണ്ട്.
രാത്രി നേരത്തെ കിടന്നുറങ്ങി പുലർകാലത്തു ലൈംഗികബന്ധത്തിൽ ഏർപ്പെടാവുന്നതാണ്. ഇരുവർക്കും സൗകര്യമുണ്ടെങ്കിൽ പകൽ സമയവും ലൈംഗിക ബന്ധത്തിനു തിരഞ്ഞെടുക്കാം. ബാഹ്യശല്യങ്ങൾ കണക്കിലെടുത്താണ് പലരും രാത്രികാലം ലൈംഗിക ബന്ധത്തിനു സാധാരണയായി തിരഞ്ഞെടുക്കുന്നത്.
സാധാരണ ഉപയോഗിക്കുന്ന ഗർഭനിരോധന മാർഗമാണ് ഗർഭനിരോധന ഉറ (കോണ്ടം). ആഗ്രഹിക്കാത്ത ഗർഭം തടയുവാനും ലൈംഗിക രോഗങ്ങൾ ചെറുക്കുവാനും സഹായിക്കുമെങ്കിലും പലരും സ്പർശനസുഖം കണക്കിലെടുത്ത് ഉറ ഒഴിവാക്കുകയാണ് പതിവ്. സ്പർശന സുഖത്തെക്കുറിച്ചുള്ള വേവലാതി വെറും തോന്നലാണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.