ഹഡാകാ മട്സുരി’ എന്ന് കേട്ടിട്ടുണ്ടോ ഒന്നുകൂടി വ്യക്തമാക്കിയാല്‍ ജപ്പാന്റെ സ്വന്തം ഉത്സവമാണിത്.’നഗ്നരുടെ ഉത്സവം’ എന്നാണിത് അറിയപ്പെടുന്നത്. എല്ലാ വര്‍ഷവും വേനല്‍ക്കാലത്ത് ഫെബ്രുവരിയിലെ മൂന്നാമത്തെ ശനിയാഴ്ച സൈദൈജി കനോനിന്‍ ക്ഷേത്രത്തിലാണ് ഉത്സവം നടക്കാറുള്ളത്. ഒക്കായാമ നഗരത്തില്‍ നിന്ന് ട്രെയിനില്‍ 30 മിനിറ്റ് സഞ്ചരിച്ചാല്‍ ക്ഷേത്രത്തിലെത്താം. പുരുഷന്മാരാണ് ഇതില്‍ പങ്കെടുക്കുന്നത്. ഉത്സവത്തിന്റെ പേരില്‍ നഗ്നതയുണ്ടെങ്കിലും പങ്കെടുക്കുന്നവരാരും പരിപൂര്‍ണ നഗ്നരല്ല. പരമാവധി കുറച്ച് വസ്ത്രം എന്നതാണ് ഉത്സവത്തിന്റെ അടിസ്ഥാനം. അര മറയ്ക്കുന്ന ‘ഫുണ്ടോഷി’യും ‘ടാബി’ എന്ന വെള്ള സോക്സുമാണ് ഉത്സവത്തില്‍ പങ്കെടുക്കുന്നവര്‍ ധരിക്കാറ്.
നല്ല വിളവ് ലഭിക്കാനും സമ്ബല്സമൃദ്ധിക്കും വേണ്ടിയാണിത് ആഘോഷിക്കുന്നത്. പ്രാദേശികസമയം ഉച്ചതിരിഞ്ഞ് 3.20 ന് ആരംഭിക്കുന്ന പരിപാടിയില്‍ ചെറുപ്പക്കാര്‍ക്കായി പ്രത്യേക ചടങ്ങുണ്ട്. ശേഷം അര്‍ധനഗ്നരായ പുരുഷന്മാര് കൂട്ടമായി ക്ഷേത്രത്തിന് ചുറ്റും ഓടാനാരംഭിക്കും. ഈ കൂട്ടയോട്ടം അവസാനിക്കുന്നത് ക്ഷേത്രത്തില്‍ പ്രത്യേകമായി തയ്യാറാക്കിയിരിക്കുന്ന തണുപ്പുനിറഞ്ഞ കുളത്തിലാണ്. ഇവിടെയിറങ്ങി ദേഹം ശുദ്ധിയാക്കി വേണം പ്രധാനചടങ്ങുകള്‍ നടക്കുന്ന ക്ഷേത്രഭാഗത്തെത്താന്.രാത്രി പത്തുമണിയോടുകൂടി പ്രധാന പൂജാരിയെത്തി തിങ്ങി നിറഞ്ഞുനില്ക്കുന്ന ജനങ്ങള്‍ക്ക് നേരെ 100 കെട്ട് ചുള്ളിക്കമ്ബുകളും 20 സെന്റിമീറ്ററോളം വലിപ്പമുള്ള രണ്ട് ഷിംഗി കമ്ബുകളും എറിയും.
ഈ ഷിംഗി കമ്ബുകള്‍ ഭാഗ്യം കൊണ്ടുവരുമെന്നാണ് വിശ്വാസം. എറിയുന്ന സമയത്ത് ചുള്ളിക്കമ്ബുകളോ ഷിംഗി കമ്ബുകളോ കൈക്കലാക്കാന്‍ ഭക്തര്‍ ശ്രമിക്കും. അരമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ചടങ്ങിനിടെ ഇവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്യും. അഞ്ഞൂറ് വര്‍ഷത്തിലേറെ പഴക്കമുള്ളതാണ് ഹഡാകാ മട്സുരി.