കല്യാണങ്ങള്‍ നമ്മളെ സംബന്ധിച്ച് വലിയ ആഘോഷമാണ്. കല്യാണവുമായി ബന്ധപ്പെട്ടുള്ള സേവ് ദ് ഡേറ്റ് ചിത്രങ്ങളും വിഡിയോകളുമൊക്കെ വളരെ പെട്ടെന്ന് സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുക്കാറുണ്ട്. പലപ്പോഴും വളരെ രസകരമായ ഇത്തരം വിഡിയോകള്‍ ആളുകളെ രസിപ്പിക്കാറുമുണ്ട്. സോഷ്യല്‍ മീഡിയ വന്നതോടു കൂടി ഇത്തരം വിഡിയോകളൊക്കെ വളരെ പെട്ടെന്നാണ് വൈറലാവുന്നത്.
ഇപ്പോള്‍ രസകരമായ ഒരു കല്യാണ വിഡിയോയാണ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. വിവാഹത്തിന് ശിങ്കാരിമേളം കൊട്ടി വധു. ഇലത്താളമടിച്ച വരന്. ഇരുവര്‍ക്കും ആവേശം പകരാന്‍ വധുവിന്റെ അച്ഛനും. തൃശൂര്‍ ഗുരുവായൂരിലാണ് ഈ വേറിട്ട കാഴ്ച.
ഗുരുവായൂര്‍ ചൊവ്വൂര്പടി സ്വദേശി ശില്‍പ്പയും കണ്ണൂര്‍ സ്വദേശി ദേവാനന്ദുമാണ് ശിങ്കാരിമേളം കൊട്ടിക്കയറിയത്. പൊന്നന് ശിങ്കാരിമേളം ടീം നല്കിയ വിവാഹ സമ്മാനമായിരുന്നു മേളം. ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ താലികെട്ടിന് ശേഷമായിരുന്നു ശിങ്കാരിമേളം അരങ്ങേറിയത്.
കണ്ടാണശ്ശേരി ചൊവ്വലൂര്‍പടി സ്വദേശി പാലിയത്ത് ശ്രീകുമാറിന്റെയും രശ്മിയുടെയും മകളാണ് ശില്പ. കഴിഞ്ഞ എട്ട് വര്‍ഷമായി ദല എന്ന സംഘടനയിലൂടെ ഷൈജു കണ്ണൂര്‍, രാജീവ് പാലക്കാട്, സദനം രാജേഷ് എന്നിവരുടെ കീഴില്‍ പാണ്ടിമേളത്തിലും പഞ്ചാരിമേളത്തിലും ഒപ്പം ശിങ്കാരിമേളത്തിലും പ്രാവീണ്യം നേടി. യുഎഇയിലെ വിവിധ വേദികളിലും ആഘോഷങ്ങളിലും ചെണ്ടയില്‍ വിസ്മയം തീര്‍ത്ത ശില്പ കൈയടി നേടി.
കഴിഞ്ഞ മുപ്പത്തിയഞ്ച് വര്‍ഷമായി ശ്രീകുമാറും കുടുംബവും യുഎഇയിലാണ്. ശില്പ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം പൂര്‍ത്തിയാക്കി ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയില്‍ ഫെസിലിറ്റി മാനേജ്മെന്റ് വിഭാഗത്തില്‍ ജോലി ചെയ്യുകയാണ്. വരന് കണ്ണൂര്‍ സ്വദേശി ദേവാനന്ദ്. എഞ്ചിനീയറായി ജോലി ചെയ്യുന്നു.