ഷെയ്ൻ നിഗവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അഭിപ്രായം വ്യക്തമാക്കി ഫെഫ്ക. ഫെഫ്കയുടെ ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ ആണ് അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നത്. ഇതുസംബന്ധിച്ച് ഫെഫ്ക ജനറല്‍ സെക്രട്ടറി ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് കത്തയയ്ക്കുകയും ചെയ്തു. വെയില് സിനിമ പൂര്‍ത്തിയാകുന്നതിനു മുമ്പ് ഷെയ്നിന്റേതായി പുതിയ സിനിമകള്‍ ഏറ്റെടുക്കരുത് എന്നാണ് കത്തിലെ ആവശ്യം.
ബി ഉണ്ണികൃഷ്ണന്റെ കത്ത്
ഗുഡ്വില് എന്റര്ടെയ്ന്മെന്റ് എന്ന ബാനറില്‍ ജോബി ജോര്‍ജ് പ്രൊഡ്യൂസറായി നിർമാണത്തിലിരിക്കുന്ന ‘വെയില്’ എന്ന ചിത്രത്തിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടന് ഷെയ്ന് നിഗത്തിന്റെ അകാരണമായ നിസ്സഹകരണം മൂലം ചിത്രീകരണം സ്തംഭിച്ചിരിക്കുകയാണെന്നും ചിത്രം യഥാസമയം പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്തതില്‍ സംവിധായകന് ശരത്ത് മേനോന് തികഞ്ഞ മനസംഘര്ഷത്തിലും ബുദ്ധിമുട്ടിലും ആണെന്നും കാണിച്ച് ഫെഫ്കയില്‍ പരാതി നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഏറ്റെടുത്ത ‘വെയില്’ എന്ന ചിത്രം പൂര്‍ത്തീകരിക്കുന്നതിന് മുമ്പ് ഷെയ്ന് നിഗത്തിനെ പുതിയ പ്രൊജക്ടുകള്‍ ഏറ്റെടുക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കാനുള്ള നടപടി താങ്കളില്‍ നിന്നുണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.