കോഴിക്കോട്: ഓര്‍ത്തഡോക്സ് സഭ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവയും കാന്തപുരം അബൂബക്കര്‍ മുസ്ല്യാരും കൂടിക്കാഴ്ച നടത്തി. സംഘര്‍ഷമല്ല, സൗഹൃദമാണ് ലോകത്തെ മുന്നോട്ടുനയിക്കുന്നത്. നമുക്ക് സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും വീടുകള്‍ പണിയാമെന്ന് ഇരുവരും ഒന്നിച്ചു പറഞ്ഞപ്പോള്‍ പുലര്‍ന്നത് നന്മയുടെ കിരണങ്ങള്‍.
കാരന്തൂര്‍ മര്‍കസില്‍ നടന്ന കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടു. കൂടിക്കാഴ്ചയില്‍ സമകാലിക സാമൂഹികവിഷയങ്ങള്‍ ചര്‍ച്ചയായി. മതങ്ങള്‍ തമ്മില്‍ സഹകരിക്കാന്‍ കഴിയുന്ന ഇടങ്ങളില്‍ ഒത്തുചേരേണ്ടതിന്റെ ആവശ്യകതയും ഇരുവരും പങ്കുവെച്ചു.
നര്‍കോട്ടിക് ജിഹാദിനെ കാതോലിക്ക ബാവ തള്ളിപ്പറഞ്ഞത് കാന്തപുരം ഓര്‍ത്തെടുത്തു. ഒരു വ്യക്തി ചെയ്യുന്ന പ്രവൃത്തി മതത്തിന്റെമേല്‍ കെട്ടിവെക്കുന്നത് ഭൂഷണമല്ലെന്ന് ബാവ വ്യക്തമാക്കി. ന്യൂനപക്ഷവിഭാഗങ്ങള്‍ക്കിടയില്‍ അസ്വസ്ഥതയുണ്ടാക്കാന്‍ നടത്തുന്ന ശ്രമങ്ങളെ തടയിടാന്‍ എല്ലാവരും രംഗത്തിറങ്ങണം. പലപ്പോഴും പരസ്പരം തെറ്റിദ്ധരിപ്പിച്ച് തമ്മിലടിപ്പിക്കാനാണ് ശ്രമങ്ങളുണ്ടാവുന്നത്. സാമൂഹികമാധ്യമങ്ങളിലും മറ്റും ഇതിനായി നിരന്തര ശ്രമങ്ങള്‍ ഉണ്ടാവുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മതങ്ങള്‍ തമ്മിലും സമുദായങ്ങള്‍ തമ്മിലും അറിയാന്‍ സംവിധാനങ്ങളില്ല എന്നത് പല തെറ്റിദ്ധാരണകള്‍ക്കും കാരണമാവുന്നു. അതിനാല്‍ പരസ്പരം അറിയാനും സന്ദേശങ്ങള്‍ കൈമാറാനുമുള്ള വേദികള്‍ ഒരുക്കുന്നതിന് ഇരുസമുദായങ്ങള്‍ക്കുമിടയില്‍ സംവിധാനമുണ്ടാക്കും. തീവ്രവാദത്തിനെതിരേ കാന്തപുരം സ്വീകരിച്ച നിലപാടുകള്‍ പ്രശംസിക്കപ്പെടേണ്ടതാണെന്ന് കാതോലിക്ക ബാവ കൂട്ടിച്ചേര്‍ത്തു. ന്യൂനപക്ഷങ്ങള്‍ടയില്‍ ധ്രുവീകരണമുണ്ടാക്കുന്ന പ്രവണതയ്ക്കെതിരേ കാതോലിക്ക ബാവ നടത്തിയ ഇടപെടലുകള്‍ ഏറെ ഗുണംചെയ്തെന്ന് കാന്തപുരവും പറഞ്ഞു.
ലഹരിയുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് ജനങ്ങളെയും വിദ്യാര്‍ഥികളെയും ബോധവത്കരിക്കാന്‍ സംവിധാനങ്ങളുണ്ടാക്കും. നാടിന്റെ പൂര്‍വകാല സാഹോദര്യ അന്തരീക്ഷം നിലനിര്‍ത്തുന്നതിന് മഹല്ല്, ഇടവക സംവിധാനങ്ങളിലൂടെ സമുദായങ്ങള്‍ക്കിടയില്‍ സന്ദേശങ്ങള്‍ എത്തിക്കും. ന്യൂനപക്ഷസമുദായങ്ങള്‍ക്കിടയില്‍ കാലങ്ങളായി നിലനില്‍ക്കുന്ന ഐക്യവും നന്മയും കൂടുതല്‍ സജീവമാക്കാന്‍ വിവിധ ഉദ്യമങ്ങള്‍ക്ക് തുടക്കമിടുമെന്നും ഇരുവരും പറഞ്ഞു.
കൂടിക്കാഴ്ചയില്‍ സുന്നി യുവജനസംഘം സംസ്ഥാന സെക്രട്ടറി ഡോ. എ.പി. അബ്ദുല്‍ ഹക്കീം അസ്ഹരി, മര്‍കസ് പ്രൊ ചാന്‍സലര്‍ ഡോ. ഹുസൈന് സഖാഫി ചുള്ളിക്കോട്, കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന് മാനേജിങ് ഡയറക്ടര്‍ ഫാ. തോമസ് കുര്യന് മരോട്ടിപ്പുഴ, ജിതിന് മാത്യു ഫിലിപ്പ് തുടങ്ങിയവര്‍ പങ്കെടുത്തു.പുലരട്ടെ നന്മകള് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാരും ഓര്‍ത്തഡോക്സ് സഭ പരമാധ്യക്ഷന്‍ കാതോലിക്കാ ബാവയും കൂടിക്കാഴ്ച നടത്തി