തിരുവനന്തപുരം: സഹകരണ ബാങ്കുകളില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടക്കുന്ന സാമ്പത്തിക കൊള്ളയ്ക്കെതിരെ ബിജെപി പ്രക്ഷോഭം ശക്തമാക്കുന്നു. ഒക്ടോബര്‍ 2ന് തിരുവനന്തപുരത്ത് ബിജെപിയുടെ ബഹുജന മാര്‍ച്ച് നടന് സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പിനു പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിലെ മറ്റു ഉന്നത നേതാക്കളുമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് പറഞ്ഞു
”അഴിമതിക്കാരെ സംരക്ഷിക്കാനും അന്വേഷണം മുതിര്‍ന്ന നേതാക്കളിലേക്ക് എത്താതിരിക്കാനുമാണ് ഇപ്പോഴത്തെ ശ്രമം. കരുവന്നൂരില്‍ നിക്ഷേപകര്‍ക്കു പണം തിരികെ നല്‍കുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ആദ്യം പണം തട്ടിയെടുത്ത സിപിഎം നേതാക്കളെ അറസ്റ്റു ചെയ്ത് അവരില്‍ നിന്ന് നിക്ഷേപകരുടെ പണം തിരികെ കൊടുക്കുകയാണ് വേണ്ടത്. കേസില്‍ അന്വേഷണം ആവശ്യപ്പെട്ടത് പണം നഷ്ടമായ സിപിഎമ്മുകാര്‍ തന്നെയാണ്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലും സമാനമായ തട്ടിപ്പുകള്‍ സഹകരണ ബാങ്കുകളില്‍ അരങ്ങേറിയിട്ടുണ്ട്. ഏറ്റവും വലിയ തട്ടിപ്പു നടത്തിയ ആളാണ് മന്ത്രി വി.എന്‍.വാസവന്. പിണറായി വിജയന്റെ കാലത്തോടെ സിപിഎം എന്നെന്നേക്കുമായി അപ്രത്യക്ഷമാകും” അദ്ദേഹം പറഞ്ഞു.