മുവാറ്റുപുഴ : മുതിര്‍ന്ന പൗരന്മാര്ക്കായി മുവാറ്റുപുഴ നഗരസഭയില്‍ വയോജന സൗഹാര്‍ദ്ധ വിജ്ഞാന കേന്ദ്രം നിര്‍മ്മിക്കുമെന്ന് മാത്യു കുഴല്നാടന് എംഎല്‍എ അറിയിച്ചു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നാണ് പദ്ധതിക്കായുള്ള തുക അനുവദിച്ചത്. പദ്ധതിയുടെ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭ്യമായി. നികുതികള്‍ ഉള്‍പ്പെടെ 99.90 ലക്ഷം രൂപയാണ് നിര്‍മ്മാണ ചെലവ് വരുന്നത്. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഇത്തരത്തില്‍ ഒരു പദ്ധതി തയ്യാറാക്കുന്നതെന്ന് എംഎല്‍എ പറഞ്ഞു.
ആനന്ദപ്രദമായ വാര്‍ദ്ധക്യം എന്ന ആശയമാണ് പദ്ധതിയുടെ അടിസ്ഥാന ഘടകം. നഗരത്തിലെ വിവിധ പ്രദേശങ്ങളിലെ പ്രായമായവര്‍ക്ക് ഒത്തുചേരാനും അവരുടെ മാനസികമായ ഉല്ലാസത്തിനുമുള്ള ഇടം എന്നതാണ് വയോജന സൗഹാര്‍ദ്ധ വിജ്ഞാന കേന്ദ്രം ലക്ഷ്യമിടുന്നത്. പ്രായമായവരുടെ ആരോഗ്യം, മാനസികം, ശരീരികം എന്നി 3 കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്കുന്ന വിജ്ഞാന മേഖലയാണ് ഇത്. ദീര്‍ഘവും ആരോഗ്യകരവുമായ ജീവിതം നയിക്കാനുള്ള അവസരം എല്ലാവര്ക്കും ഉണ്ടായിരിക്കണമെന്നാണ് ഇത്തരം ഒരു ആശയം രൂപപ്പെടുന്നതിന് കാരണമായതെന്ന് എംഎല്‍എ പറഞ്ഞു.
സന്തോഷകരമായ വാര്‍ദ്ധക്യം എല്ലാവര്ക്കും അനുഭവിക്കാന്‍ കഴിയണം. എല്ലാ പ്രായമായ ആളുകളുടെയും പ്രവര്‍ത്തന ശേഷി മെച്ചപ്പെടുത്താനുള്ള പദ്ധതി ആവിഷ്കരിക്കണം. ഇതിന് മുവാറ്റുപുഴ മണ്ഡലം നല്കുന്ന പിന്തുണയാണ് വിജ്ഞാന കേന്ദ്രം പദ്ധതി. രണ്ട് ഘട്ടങ്ങളിലായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യ ഘട്ടമായി നിര്‍മ്മിക്കുന്ന കെട്ടിടത്തിനാണ് ഇപ്പോള്‍ എംഎല്‍എ ഫണ്ടില്‍ നിന്നും ഇപ്പോള്‍ തുക അനുവദിച്ചത്.
മുവാറ്റുപുഴ ലതാ പാര്ക്കിന് സമീപം പതിനാലാം വാര്‍ഡിലാണ് പദ്ധതിക്കായി സ്ഥലം കണ്ടെത്തി നല്‍കിയിട്ടുള്ളത്. 4300 ചതുരശ്രയടി ചുറ്റളവിലുള്ള കെട്ടിടമാണ് ഇതിന് വേണ്ടി നിര്‍മ്മിക്കുന്നത്. എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉള്‍പ്പെടെ ഭിന്നശേഷി സൗഹാര്‍ദ്ധമായ കെട്ടിടമാണ് പദ്ധതിക്കായി വിഭാവനം ചെയ്തത്.
കെട്ടിടത്തിന്റെ താഴെ പാര്‍ക്കിംഗ് സൗകര്യം ഉണ്ടാകും. ആദ്യ നിലയില്‍ അടുക്കള, ഭക്ഷണ ഹാള്‍, വിശ്രമ മുറികള്‍, ശുചിമുറികള്‍, ലൈബ്രറി എന്നിവ പുതിയതായി നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍ ഉണ്ടാകും. നഗരസഭ എഞ്ചിനീയറിംഗ് വിഭാഗമാണ് പദ്ധതിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയത്. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ ആരംഭിക്കും. ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ പദ്ധതി പൂര്‍ത്തീകരിക്കും.