കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. വീണ്ടും തീപിടുത്തമുണ്ടായതില്‍ അന്വേഷണം വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. പൊലീസിന്റെ അകമ്പടിയോടെ പ്ലാന്റില്‍ വീണ്ടും മാലിന്യം നിക്ഷേപിച്ചു. സോന്‍ട കമ്പനിയുടെ ആളുകള്‍ എന്തിനാണ് പ്ലാന്റില്‍ വന്നതെന്നും നാട്ടുകാര്‍ ചോദിച്ചു. കോര്പ്പറേഷന് അധികൃതരെ ബ്രഹ്മപുരത്തേക്ക് അടുപ്പിക്കില്ലെന്നും സമരക്കാര്‍ പറഞ്ഞു.
അഗ്നിരക്ഷാ സേനയെത്തി ബ്രഹ്മപുരത്ത് തീ അണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. തീ നിയന്ത്രണവിധേയമാക്കിയെങ്കിലും പുക ശക്തമായി ഉയരുന്നുണ്ട്. കരിമുഗള്‍, അമ്പലമുഗള്‍ തുടങ്ങിയ പ്രദേശങ്ങളില്‍ പുക എത്തിയതോടെയാണ് നാട്ടുകാര്‍ പരിഭ്രാന്തരായത്.
തീ ഇന്ന് തന്നെ പൂര്‍ണമായും അണക്കുമെന്ന് ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ് പറഞ്ഞു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണ്. ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും കളക്ടര്‍ അറിയിച്ചു.
അതേസമയം ബ്രഹ്മപുരത്ത് വീണ്ടും തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. സെക്ടര്‍ ഏഴില്‍ ചെറിയ പ്രദേശത്താണ് തീ പിടിത്തമുണ്ടായത്. നിലവില്‍ തൃക്കാക്കര, തൃപ്പൂണിത്തുറ, പട്ടിമറ്റം, ഏലൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നാല് ഫയര്‍ യൂണിറ്റുകള്‍ രംഗത്തുണ്ട്. എട്ട് ഫയര്‍ ടെന്‍ഡറുകള്‍ തീയണയ്ക്കുന്നുണ്ട്. തീ നിയന്ത്രണ വിധേയമാണെന്ന് അഗ്നി രക്ഷാ വിഭാഗം അറിയിച്ചു. ഫയര്‍ വാച്ചര്‍മാരെ നിയോഗിച്ചിട്ടുള്ളതിനാല്‍ തീപിടിത്തമുണ്ടായ ഉടന്‍ തന്നെ തീയണയ്ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെന്നും ആശങ്ക വേണ്ടെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. റീജിയണല്‍ ഫയര്‍ ഓഫീസര്‍ ജെ.എസ്. സുജിത്ത് കുമാറിന്റെയും ജില്ലാ ഫയര്‍ ഓഫീസര്‍ കെ. ഹരികുമാറിന്റെയും നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.