മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജക മണ്ഡലത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ അടിയന്തിരമായി കുടിവെള്ള വിതരണം നടത്തണമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ ആവശ്യപ്പെട്ടു. നിയോജമണ്ഡലത്തിലെ കുടിവെള്ള പദ്ധതികളില്‍ ഏറെയും മൂവാറ്റുപുഴയാറിനെയും, പെരിയാര്‍ വാലി, എം.വി.ഐ.പി.കനാലുകളെയും ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുന്നത്. വേനല്‍ കനത്തതോടെ കിണറുകള്‍ വറ്റിയതും, മൂവാറ്റുപുഴയാറിലെ ജലനിരപ്പ് താഴ്ന്നതും, ഭൂതത്താന്‍ കെട്ട് ഡാമിലേയ്ക്കുള്ള നീരൊഴുക്ക് കുറഞ്ഞതോടെ പെരിയാര്‍ വാലി കനാലുകളില്‍ ജലവിതരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതും നിയോജക മണ്ഡലത്തിലെ ഒട്ടുമിക്ക കുടിവെള്ള പദ്ധതികളുടെയും പ്രവര്‍ത്തനം അവതാളത്തിലായിരിക്കുകയാണ്.
വാട്ടര്‍ അതോറിറ്റിയുടെയും, ഗ്രാമീണ കുടിവെള്ള പദ്ധതികളുടെയും പമ്പ് ഹൗസുകളിലെ കിണറുകളില്‍ ജലനിരപ്പ് താഴ്ന്നതോടെ പലകുടിവെള്ള പദ്ധതികളിലും പമ്പിംഗ് മുടങ്ങല്‍ പതിവായിരിക്കുകയാണ്. പായിപ്ര ഗ്രാമപഞ്ചായത്തിലെ പായിപ്ര സൊസൈറ്റിപ്പടി, മാനാറി, തട്ടുപറമ്പ്, പെരുമറ്റം, വാളകം പഞ്ചായത്തിലെ വടക്കേക്കര മല, കടാതി പള്ളിത്താഴം, മഞ്ഞള്ളൂര്‍ പഞ്ചായത്തിലെ സീതപ്പടി, മാറാടി പഞ്ചായത്തിലെ പാറതട്ടേല്, കാവന, ആവോലി പ്രദേശങ്ങളിലാണ് കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുന്നത്. ത്രിതല പഞ്ചായത്തുകള്‍ക്ക് കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ പഞ്ചായത്തിന്റെ തനത് ഫണ്ട് ഉപയോഗിച്ച് കുടിവെള്ള വിതരണം നടത്തുന്നതിന് സര്‍ക്കാര്‍ അനുവാദമുണ്ടങ്കിലും പലപഞ്ചായത്തുകളും കുടിവെള്ള വിതരണം നടത്തുന്നതിന് തയ്യാറായിട്ടില്ല. ഇതും തിരിച്ചടിയായിട്ടുണ്ട്. എന്നാല്‍ രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ വാഹനങ്ങളില്‍ കുടിവെള്ള വിതരണം നടത്തുന്നതിന് സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.