ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിനു ജാമ്യം ലഭിച്ചതിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയെ സമീപിക്കും. കോടതിയില്‍ പുനര്‍പരിശോധന ഹര്‍ജി നല്‍കാനാണ് ഇഡിയുടെ നീക്കം. ഐഎന്‍എക്സ് മീഡിയ കേസില്‍ മുന്‍ധനമന്ത്രി പി. ചിദംബരത്തിനു ജാമ്യം ലഭിച്ചതിനെതിരെ കോടതിയെ സമീപിക്കാന്‍ സിബിഐ തീരുമാനിച്ചതിനെ തുടര്‍ന്നാണ് നടപടി. 25 ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടിലാണ് ഡല്‍ഹി ഹൈക്കോടതി ശിവകുമാറിന് ജാമ്യം അനുവദിച്ചത്. ഇതോടെ ശിവകുമാര്‍ തിഹാര്‍ ജയിലില്‍നിന്നു പുറത്തിറങ്ങി. കോടതിയുടെ അനുമതിയില്ലാതെ ശിവകുമാര്‍ രാജ്യം വിടരുതെന്ന നിബന്ധനയുണ്ട്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ എതിര്‍പ്പിനെ മറികടന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. ശിവകുമാര്‍ പുറത്തുവന്നാല്‍ തെളിവുകള്‍ നശിപ്പിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നുമായിരുന്നു എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചത്.