മലയാളത്തിലെ നിർമാതാവിന്റെ ഭാര്യയുമായുള്ള ഫോൺ കോൾ ചോർന്നതിനു പിന്നാലെ പുതിയ വെളിപ്പെടുത്തലുമായി നടൻ ബാല. ഒരു വർഷം മുൻപു നടന്നഈ സംഭാഷണം എങ്ങനെയാണ് ഇപ്പോൾ പുറത്തു വന്നതെന്ന് അറിയില്ലെന്നും തന്നെ തകർക്കാൻ വീണ്ടും ആരൊക്കെയോ ചേർന്ന് ശ്രമിക്കുകയാണെന്നും ബാല സെൽഫി വിഡിയോയിൽ ആരോപിക്കുന്നു. ഇന്നലെയാണ് ബാലയുടെയും ഒരു പ്രമുഖ നിർമാതാവിന്റെ ഭാര്യയുടെയും ഫോൺ കോളിന്റെ ശബ്ദരേഖ ചോരുന്നത്. ഇരുവരുടെയും വ്യക്തിപരമായ വിവാദവിഷയങ്ങൾ ചർച്ച ചെയ്യപ്പെടുന്ന ഫോൺ കോൾ സിനിമാമേഖലയിലും ചർച്ചയായതോടെയാണ് വെളിപ്പെടുത്തലുമായി നടൻ നേരിട്ടെത്തിയത്. ഫേസ്ബുക്കിലൂടെ പുറത്തുവിട്ട വീഡിയോയിൽ നടൻ ഇങ്ങനെ പറയുന്നു.
‘ഇന്നലെ വൈകിട്ട് മുതൽ ചില വിവാദങ്ങൾ ഉടലെടുക്കുകയുണ്ടായി. ഇന്നു രാവിലെ മുതൽ എനിക്ക് ഫോൺകോളുകൾ വന്നുകൊണ്ടിരിക്കുന്നു. നാലഞ്ച് മാസം മുമ്പായിരുന്നു എന്റെ വിവാഹമോചനം. എല്ലാവരും നല്ല രീതിയിൽ മുന്നോട്ടുപോകണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാൻ. ഇത് ആവശ്യമില്ലാത്ത വിവാദമാണ്. ഒരു കേസ് നടക്കുമ്പോൾ സ്വയം സുരക്ഷയ്ക്കായി കോൾ റെക്കോർഡിങുകൾ ഉണ്ടാകും. എല്ലാവരുടെയും നല്ലതിനു വേണ്ടിയാണ്. ഒന്നരവർഷം മുമ്പ് നടന്ന കോൾ റെക്കോര്ഡിങ് ഇപ്പോൾ എന്തിന് പുറത്തുവന്നു എന്ന് അറിയില്ല. അത് വേദനിപ്പിക്കുന്നതാണ്. അത് മാത്രമല്ല എന്നെ ആരും നേരിട്ട് വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടില്ല. എന്റെ വിഐപി സുഹൃത്തുക്കളെ വിളിച്ച് പലകാര്യങ്ങളും സംസാരിച്ചിട്ടുണ്ട്. എനിക്ക് വേണമെങ്കിൽ പൊലീസ് പരാതി കൊടുക്കാമായിരുന്നു. പക്ഷേ അതെന്റെ രീതിയല്ല. സിനിമയിൽ നല്ല രീതിയിൽ മുന്നോട്ടുപോകുകയാണ് ലക്ഷ്യം. ആരാണ് ഇതിന്റെ പിന്നിലെന്ന് എനിക്ക് അറിയാം.’ ബാല പറഞ്ഞു.
Let me serve the purpose of my life . When a silent volcano erupts it will make a lot of sound . God bless all
Posted by Actor Bala on Tuesday, February 25, 2020