ഇന്ന് അധികം ആളുകളെയും അലട്ടുന്ന പ്രധാനപ്പെട്ട ചർമ്മപ്രശ്നമാണ് മുഖക്കുരു. എണ്ണമയമുള്ള ചർമ്മത്തിൽ മുഖക്കുരു വളരെ പെട്ടെന്നാണ് പിടിപെടുന്നത്. സമ്മർദ്ദം, ഹോർമോൺ വ്യതിയാനം, ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ എന്നിവയെല്ലാം മുഖക്കുരു പിടിപെടുന്നതിന് ഇടയാക്കുന്നു. മുഖക്കുരു അകറ്റുന്നതിന് വീട്ടിൽ പരീക്ഷിക്കാവുന്ന ചില പ്രകൃതിദത്ത മാർഗങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്.
കറ്റാർവാഴ
കറ്റാർവാഴ ജെൽ മുഖക്കുരുവിന് ഫലപ്രദമായ പ്രതിവിധിയാണ്. മുഖക്കുരു മൂലമുണ്ടാകുന്ന ചുവപ്പും വീക്കവും കുറയ്ക്കുന്ന ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ, അതിൻ്റെ ആൻ്റിമൈക്രോബയൽ ഗുണങ്ങൾ മുഖക്കുരു വളരുന്നതിൽ നിന്നും വർദ്ധിപ്പിക്കുന്നതിൽ നിന്നും ബാക്ടീരിയകളെ തടയുന്നു. രാത്രി കിടക്കുന്നതിന് മുമ്പ് അൽപം കറ്റാർവാഴ ജെൽ മുഖത്ത് പുരട്ടിയ ശേഷം മസാജ് ചെയ്തിടുക. രാവിലെ ചെറുചൂടുള്ള വെള്ളത്തിൽ മുഖം കഴുകുക.
ഗ്രീൻ ടീ
ആൻ്റിഓക്സിഡൻ്റുകൾ, പ്രത്യേകിച്ച് ഇജിസിജി പോലുള്ള പോളിഫെനോൾസ് അടങ്ങിയ ഗ്രീൻ ടീ മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളെ ചെറുക്കാൻ സഹായിക്കുന്നു. ഇത് വീക്കം കുറയ്ക്കാനും സെബം ഉത്പാദനം നിയന്ത്രിക്കാനും സഹായിക്കുന്നു. ഒരു കപ്പ് ഗ്രീൻ ടീയിൽ ഒരു കോട്ടൺ ബോൾ മുക്കി വയ്ക്കുക. ശേഷം ഗ്രീൻ ടീയിൽ മുക്കിയെടുത്ത കോട്ടൺ ബോൾ മുഖത്ത് തേച്ച് പിടിപ്പിക്കുക.15 മിനുട്ടിന് ശേഷം ചെറുചൂടുവെള്ളത്തിൽ മുഖം കഴുകുക.
മഞ്ഞൾ
മുഖക്കുരുവിൻ്റെ പാടുകൾ കുറയ്ക്കാൻ സഹായിക്കുന്ന ആൻറി-ഇൻഫ്ലമേറ്ററി, ആൻ്റിമൈക്രോബയൽ ഗുണങ്ങൾ മഞ്ഞളിൽ അടങ്ങിയിട്ടുണ്ട്. മഞ്ഞളിലെ സജീവ സംയുക്തമായ കുർക്കുമിൻ മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയ വളർച്ചയെ ചെറുക്കാനും സഹായിക്കുന്നു. മഞ്ഞൾ അൽപം പാലോ വെള്ളമോ ചേർത്ത് പേസ്റ്റാക്കി കുഴച്ചെടുക്കുക. ശേഷം മുഖക്കുരു ഉള്ള ഭാഗത്ത് പുരട്ടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ മുഖം കഴുകുക.