താമരശേരി: താമരശേരിയില്‍ ജ്വല്ലറിയുടെ ചുമർ തുരന്ന് മോഷ്ടാക്കള്‍ 50 പവനോളം കവർന്നു. ഡിവൈഎസ്പി ഓഫീസിനു സമീപത്തുള്ള റാന ഗോള്‍ഡ് എന്ന സ്ഥാപനത്തിലാണ് മോഷണം.
രാവിലെ കടതുറക്കാൻ ഉടമയായ കൊടുവള്ളി സ്വദേശി അബ്ദുള്‍ സലാം എത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്.
ചൊവ്വാഴ്ച രാത്രി 7.30നാണ് ഉടമ കടയടച്ചു പോയത്. ഒന്നാംനിലയിലാണ് ജ്വല്ലറി. മുകളിലെ മുറികളിലേക്ക് കടക്കാനായി സമീപത്ത് പടിക്കെട്ടുണ്ട്. ഈ ഭാഗത്തെ ഷട്ടർ തകർത്ത് അകത്തുകടന്ന ശേഷം ജ്വല്ലറിയുടെ ചുമർ തുരക്കുകയായിരുന്നു.
സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്.