മൂവാറ്റുപുഴ: സ്വന്തം ജീവിതം കൊണ്ട് ലോക ജനതക്ക് മാതൃകയായ മഹത് വ്യക്തിയാണ് മഹാത്മാഗാന്ധിയെന്ന് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. മൂവാറ്റുപുഴ ബ്ലോക്കില്‍ നിര്‍മ്മിച്ച മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിജിയുടെ ദര്‍ശനങ്ങളും പ്രവര്‍ത്തനങ്ങളും ഓരോ വ്യക്തിയും പിന്തുടരണമെന്നും മനുഷ്യ മനസ്സുകളില്‍ അദ്ദേഹത്തിന്റെ സ്ഥാനം വളരെ ഉയരത്തിലാണെന്നും മന്ത്രി പറഞ്ഞു.
ഗതാഗത വകുപ്പുമായി ബന്ധപ്പെട്ട് ഭിന്നശേഷിക്കാരുടെ സൗകര്യത്തിനായി നിരവധി പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. ഡ്രൈവിംഗ് ലൈസന്‍സ് ലഭ്യമാക്കുന്നതിനു ഭിന്നശേഷി സമൂഹത്തിനു പ്രത്യേക നിയമങ്ങള്‍ കേരളത്തില്‍ നിലവില്‍ വന്നിട്ടുണ്ട്. ഭിന്നശേഷി സൗഹൃദമായ അന്തരീക്ഷം സൃഷ്ടിക്കാനാണ് കേരള സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഭിന്നശേഷിക്കാര്‍ക്കായി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് കവാടത്തിലാണ് മഹാത്മാഗാന്ധിയുടെ പ്രതിമ സ്ഥാപിച്ചി ട്ടുള്ളത്. ബ്ലോക്ക് ഫണ്ടില്‍ നിന്നും അഞ്ച് ലക്ഷം രൂപ വകയിരുത്തിയാണ് പ്രതിമയുടെ നിര്‍മ്മാണം. തൃപ്പൂണിത്തുറ കളിക്കോട്ട പാലസിലുള്ള കേരള ഗ്രാമ വികസന സാനിറ്റേഷന്‍ സൊസൈറ്റിക്കായിരുന്നു നിര്‍മ്മാണ ചുമതല. ആറരയടി ഉയരമുള്ള ഗാന്ധിയുടെ ചലനാവസ്ഥയിലുള്ള പ്രതിമ നിര്‍മ്മിച്ചത് ചേരാസ് രവിദാസ് എന്ന ശില്പിയാണ്. 30 ദിവസം കൊണ്ട് കളിമണ്ണില്‍ രൂപപ്പെത്തിയെടുത്ത പ്രതിമയോടൊപ്പം സ്വാതന്ത്ര സമരവുമായി ബന്ധപ്പെട്ട ചിത്രങ്ങളും ആലേഖനം ചെയ്തിട്ടുണ്ട്.
ചടങ്ങില്‍ പ്രതിമ നിര്‍മ്മിച്ച കേരള ഗ്രാമ വികസന സാനിറ്റേഷന്‍ സൊസൈറ്റിക്കുള്ള ആദരം ശില്പി ചേരാസ് രവിദാസിന് നല്കി മന്ത്രി നിര്‍വഹിച്ചു. ബ്ലോക്കിലെ മികച്ച പഞ്ചായത്തായി തിരഞ്ഞെടുത്ത മാറാടി പഞ്ചായത്തിനുള്ള ആദരം പി.ജെ.ജോസഫ് എം. എല്‍. എ. നിര്‍വഹിച്ചു. കലാകായിക വിദ്യാഭ്യാസ രംഗത്തെ പ്രമുഖരെയും ചടങ്ങില്‍ ആദരിച്ചു.
മാത്യു കുഴല്നാടന് എം.എല്‍.എ. ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ., ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ജോസ് അഗസ്റ്റിന്, വൈസ് പ്രസിഡന്റ് സാറാമ്മ ജോണ്‍, മുന്‍ എം. എല്‍. എ. മാരായ ജോസഫ് വാഴക്കന്, ബാബു പോള്‍, ജോണി നെല്ലൂര്‍, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ ഷെല്‍മി ജോണ്‍സ്, ഒ.പി. ബേബി, സുറുമി അജീഷ്, ജോര്‍ജ് ഫ്രാന്‍സിസ്, മാത്യൂസ് വര്‍ക്കി, ആന്‍സി ജോസ്, ജാന്‍സി മാത്യു, മൂവാറ്റുപുഴ നഗരസഭ കൗണ്‍സിലര്‍ ആര്.രാകേഷ് ,വിവിധ ബ്ലോക്ക് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.