മൂവാറ്റുപുഴ: പൊതുമരാമത്ത് ഉദ്യോഗസ്ഥരുറങ്ങി, ജനപ്രതിനിതികള്‍ ഉണര്‍ത്തിയില്ല. മൂവാറ്റുപുഴ വികസനത്തിന്റെ നെടും തൂണാകേണ്ട ബൈപാസിന് അനുവദിച്ച 9 കോടി രൂപ ലാപ്സായി.
അനാസ്ഥ മൂലം കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് പണം നഷ്ടമാകുന്നത്. കിഫ്ബിയുടെ വ്യവസ്ഥ ലംഘിച്ചതോടെയാണ് ഫണ്ട് ലാപ്സായത്.
മൂവാറ്റുപുഴ നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുമാകുന്നതിന് വിഭാവനം ചെയ്ത കടാതിയില്‍ നിന്നാരംഭിച്ച് മുറിക്കല്ല് പാലം വഴി 130 ല്‍ അവസാനിക്കുന്നതാണ് മൂവാറ്റുപുഴ ബൈപാസ്. ബൈപാസിലെ മുറിക്കല്ല് പാലവും ഒരു വശത്തെ റോഡും നാല് വര്‍ഷം മുന്‍പെ പൂര്‍ത്തിയായതാണ്. മുറിക്കല്ല് മുതല്‍ 130 വരെയുള്ള അപ്രോച്ച് റോഡിന്റെ പണിയാണ് ഇനി പൂര്‍ത്തിയാക്കാന്‍ ഉള്ളത്. അപ്രോച്ച് റോഡിനു വേണ്ടി നേരത്തെ അനുവദിച്ച പണം ഈ സര്‍ക്കാരിന്റെ ആദ്യത്തെ വര്‍ഷ ത്തില്‍ തന്നെ ലാപ്സ് ആയി. ബന്ധപെട്ടവരുടെ ശ്രദ്ധക്കുറവുമൂലമാണ് പണം നഷ്ടമായതെന്ന് മുന്‍ എം.എല്‍.എ.ജോസഫ് വാഴക്കന് പറഞ്ഞു.
മൂവാറ്റുപുഴ ബൈ പാസിന് എന്ന പേരില്‍ അനുവദിച്ച പണം കിഫ്ബി നിലവില്‍ വന്നതോടെ നാഷണല്‍ ഹൈവേ ബൈപാസാണന്ന് പറഞ്ഞ് റദ്ദാക്കുകയായിരുന്നു. പണം റദ്ദാക്കിയ വിവരം മുവാറ്റുപുഴ എം. എല്‍ .എ.യോ, ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ അറിഞ്ഞില്ല. ഇത്തരത്തില്‍ ഒരു വര്‍ഷകാലത്തോളം മുടങ്ങി കിടന്നതിനു ശേഷം ജോസഫ് വാഴക്കന് ഇടപെട്ട ശേഷമാണ് പദ്ധതിയുടെ ഫണ്ട് നഷ്ടപ്പെട്ടു പോയ വിവരം പുറത്ത് വന്നത്. അതിന് ശേഷം മുന്‍ എം. എല്‍ .എ.മാരായ ഗോപികോട്ടമുറിക്കലും ബാബുപോളും ജോണിനെല്ലൂരും ജോസഫ് വാഴക്കനും അടങ്ങുന്ന മൂവാറ്റുപുഴ ഡെവലെപ്മെന്റ് അസോസിയേഷന്, ധനകാര്യ മന്ത്രിയെ കണ്ട് നിവേദനം നല്‍കിയതിനെ തുടര്‍ന്ന് 9 കോടി രൂപയുടെ പുതിയ ഫണ്ട് അനുവദിക്കുകയും ചെയ്തു. ഈ ഫണ്ട് അനുവദിച്ചപ്പോള്‍ കിഫ്ബി മുന്നോട്ട് വച്ച വ്യവസ്ഥ അഡ്മിനിസ്ട്രേറ്റീവ് സാങ്ങ്ക്ഷന് ( എ എസ് ) പുറത്ത് വന്ന് ഒരു വര്‍ഷത്തിനകം അതിന്റെ ഡീറ്റെയില്‍ പ്രൊജക്റ്റ് റിപ്പോര്‍ട്ട് (ഡിപി ആര് ) സമര്‍പ്പിക്കണം എന്നായിരുന്നു. എന്നാല്‍ ഒരു വര്‍ഷം മുമ്പ് ഫണ്ട് അനുവദിച്ചങ്കിലും ഇതുവരെ ഡീറ്റൈല്‍ഡ് പ്രൊജക്റ്റ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. പി .ഡബ്ല്യൂ. ഡി. യുടെ ഭാഗത്തു നിന്ന് ഗുരുതരമായ വീഴ്ചയാണ് ഇക്കാര്യത്തില്‍ ഉണ്ടായതെന്നും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ട എം.എല്‍.എയും ഇത് വേണ്ട രീതിയില്‍ മുഖവിലക്കെടുത്തില്ലന്നും ജോശഫ് വാഴക്കന് പറഞ്ഞു.
രണ്ടാം തവണയാണ് എം. എല്‍. എ. യുടെയും ഉദ്യോഗസ്ഥരുടെയും അലംഭാവം മൂലം മൂവാറ്റുപുഴ ബൈപാസ് പദ്ധതി നഷ്ടമാവുന്നത്. 4 വര്‍ഷം മുമ്പേ പണിപൂര്‍ത്തിയായ പാലത്തിന്റെ അപ്രോച്ച് റോഡിനായി ഒരു കല്ല് പോലും അനക്കാന്‍ ഈ സര്‍ക്കാരിന്റെ കാലത്ത് സാധിച്ചിട്ടില്ലന്നും വാഴക്കന് പറഞ്ഞു. ഈ സാഹചര്യത്തില്‍ ശക്തമായ പ്രക്ഷോഭവുമായി കോണ്‍ഗ്രസും യൂ. ഡി .എഫും വരും ദിവസങ്ങളില്‍ മുന്നോട്ട് വരും എന്നും ജോസഫ് വാഴയ്ക്കന് പറഞ്ഞു.