കളമശ്ശേരി: ടോറസ് ലോറിയില്‍ സഹായികളെന്ന പേരിൽ കൊച്ചിയിലേക്ക് മയക്കുമരുന്നുമായി വന്ന രണ്ട് യുവാക്കള്‍ പോലീസിന്റെ പിടിയില്‍. ആലപ്പുഴ മണ്ണഞ്ചേരി വെളിയില്‍ വീട്ടില്‍ ഷെഫീക് (29), ആലപ്പുഴ പുന്നപ്ര പള്ളിവേലില്‍ ആഷിഖ് (32) എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കല്‍നിന്ന് 286 ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു. ഇതിന് വിപണിയില്‍ 25 ലക്ഷത്തോളം രൂപ വില വരും.
പോലീസ് ചെക്കിങ് ഒഴിവാക്കാന്‍ ഇതര സംസ്ഥാനത്തുനിന്നുവരുന്ന പലചരക്ക്, കരിങ്കല്‍ ലോറികളില്‍ ഡ്രൈവര്‍മാരുടെ ഒത്താശയോടെ, സഹായികള്‍ എന്ന വ്യാജേന കയറിയാണ് മയക്കുമരുന്നു അതിര്‍ത്തി കടത്തിവിട്ടിരുന്നത്.
കരിങ്കല്‍ ലോറിയില്‍ വന്ന ഇവരെ കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് കമ്മിഷണര്‍ (നര്‍ക്കോട്ടിക്) അബ്ദുള്‍ സലാമിന്റെ മേല്‍നോട്ടത്തില്‍ കളമശ്ശേരി ഇന്‍സ്പെക്ടര്‍ വിപിന്‍ദാസിന്റെ നേതൃത്വത്തില്‍ കളമശ്ശേരി പോലീസും യോദ്ധാവ് സ്ക്വാഡും ചേര്‍ന്ന് പിടിക്കുകയായിരുന്നു.