ഹരിപ്പാട്: കന്നുകാലികളിൽ കണ്ടുവരുന്ന സാംക്രമിക രോഗമായ ചർമ്മമുഴ ഹരിപ്പാട് പ്രദേശത്തുള്ള പശുക്കൾക്ക് പകരുന്നതായി റിപ്പോർട്ട് ചെയ്തു. ജില്ലയിലെ പലഭാഗത്തുമുള്ള കന്നുകാലികളിൽ നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. കന്നുകാലികളിൽ പ്രത്യേകിച്ച് പശുക്കളിൽ കണ്ടുവരുന്ന രോഗമാണ് സാംക്രമിക ചർമ്മമുഴ രോഗം(ലംപി സ്കിൻ ഡിസീസ്).
കന്നുകാലികളുടെ ശരീരത്തിൽ പല ഭാഗത്തായി അഞ്ച് സെന്റീമീറ്ററിൽ കുറയാതെ വൃത്താകൃതിയിൽ മുഴകൾ കണ്ടുവരുന്നതാണ് ചർമ്മമുഴ രോഗം. പ്രധാനമായും ഈച്ച കൊതുക് എന്നിവയിലൂടെയാണ് രോഗം പകരുന്നത്. രോഗം ബാധിച്ചു കഴിഞ്ഞാൽ മൃഗങ്ങൾക്ക് മൂക്കൊലിപ്പും കണ്ണിൽ നിന്നും നീരോലിപ്പും കഴല വീക്കവും ക്ഷീണവും അനുഭവപ്പെടുന്നു. കൂടുതൽ സമയം കിടക്കുക, വയറ്റിളക്കം, കറവയുള്ള പശുക്കൾക്ക് പാലും കുറയുക എന്നിവയാണ് പൊതുവേയുള്ള ലക്ഷണങ്ങൾ. തകഴിയിലും കുട്ടനാട്ടിലെ ചില സ്ഥലങ്ങളിലുമാണ് രോഗം കൂടുതലായി റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറഞ്ഞു.