ബാഗ്ദാദ്: ഇറാക്ക് തലസ്ഥാനമായ ബാഗ്ദാദിലെ അതീവ സുരക്ഷിതമേഖലയില്‍ യുഎസ് എംബസിക്കു സമീപം റോക്കറ്റ് ആക്രമണം. സര്‍ക്കാര്‍ ഓഫീസുകളും വിദേശരാജ്യങ്ങളുടെ എംബസികളും പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ സോണില്‍ രണ്ടു റോക്കറ്റുകള്‍ പതിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
യുഎസ് എംബസിക്കു സമീപം ഉള്‍പ്പെടെ അപായസൂചനയായി സൈറന്‍ മുഴങ്ങിയെന്ന് പ്രാദേശിക മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.അതേസമയം, ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് അമേരിക്ക ആരോപിച്ചു. ഇതിനോട് ഇറാന് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇറാനിലെ സൈനികമേധാവി ജനറല്‍ ഖാസിം സുലൈമാനിയെ വധിച്ച യുഎസ് നടപടിക്കു ശേഷം പശ്ചിമേഷ്യയിലെ സ്ഥിതിഗതികള്‍ സങ്കീര്‍ണമായിരുന്നു. തിരിച്ചടിയായി ഇറാക്കിലെ യുഎസ് സൈനികതാവളങ്ങളില്‍ ഇറാന് ആക്രമണം നടത്തിയിരുന്നു.