തിരുവനന്തപുരം: ചട്ടങ്ങളും വകുപ്പുകളും താന്‍ വീണ്ടും ലംഘിക്കുമെന്ന മന്ത്രി കെ.ടി.ജലീലിന്റെ പ്രസ്താവന സത്യപ്രതിജ്ഞാ ലംഘനവും നീതിന്യായ വ്യവസ്ഥിതിയെ വെല്ലുവിളിക്കുന്നതുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
നിയമം ലംഘിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച മന്ത്രിയെ ഒരു നിമിഷം വൈകാതെ പുറത്താക്കേണ്ടത് മുഖ്യമന്ത്രിയുടെ കര്‍ത്തവ്യമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. രാജ്യത്തിന്റെ ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മന്ത്രി നിയമങ്ങളും ചട്ടങ്ങളും പാലിച്ചാണ് ഭരണം നടത്തേണ്ടത്. ഭരണഘടനയുടെ കാവല്‍ ഭടനാകേണ്ടയാളാണ് മന്ത്രി. ചട്ടങ്ങളും വകുപ്പുകളും താന്‍ ഇനിയും ലംഘിക്കുമെന്ന് അദ്ദേഹം പരസ്യമായി പ്രഖ്യാപിക്കുന്നത് അതീവ ഗുരുതരമായ കാര്യമാണ്. സത്യപ്രതിജ്ഞ ലംഘിച്ച അദ്ദേഹത്തിന് മന്ത്രിയായി തുടരാനുള്ള അര്‍ഹത നഷ്ടപ്പെട്ടിരിക്കുന്നു.
നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുകയും അത് കേമത്തരമായി വിളിച്ചു പറഞ്ഞു നടക്കുകയും ചെയ്യുകയാണ് മന്ത്രി. അര്‍ഹതയുള്ളവര്‍ക്ക് അര്‍ഹമായത് കൊടുക്കുകയാണ് താന്‍ ചെയ്യുന്നതെന്ന് മന്ത്രി പറയുന്നു. അര്‍ഹതയുള്ളവര്‍ക്ക് അര്‍ഹമായത് കൊടുക്കുന്നതിന് ആരും എതിരല്ല. പക്ഷേ അത് നിയമാനുസൃതമായി ചെയ്യണം. തോറ്റ കുട്ടികളെ നിയമം ലംഘിച്ച് മാര്‍ക്ക് കൂട്ടിയിട്ട് നല്കി ജയിപ്പിക്കുന്നതാണോ അര്‍ഹമായത് നല്കല്? അത് അനര്‍ഹര്‍ക്ക് നല്കുന്ന മാര്‍ക്ക് ദാനമാണ്. ഒരു പരീക്ഷയില്‍ വിജയിക്കാനുള്ള അര്‍ഹത തീരുമാനിക്കുന്നത് ആ പരീക്ഷയില്‍ ലഭിക്കുന്ന മാര്‍ക്കാണ്. ജയിക്കാന്‍ ആവശ്യമായ മാര്‍ക്ക് കിട്ടിയിട്ടില്ലെങ്കില്‍ ജയിക്കാന്‍ അര്‍ഹതയില്ലെന്നാണ് അര്‍ത്ഥം. പരീക്ഷയില്‍ തോറ്റ കുട്ടികളെ കൂട്ടത്തോടെ മാര്‍ക്ക് കൂട്ടിയിട്ട് ജയിപ്പിച്ച് വിട്ടാല്‍ പിന്നെ പരീക്ഷയുടെ അര്‍ത്ഥമെന്താണ്?
എല്ലാം നിയമാനുസൃതമായണ് ചെയതതെന്നാണ് മന്ത്രി ആദ്യം പറഞ്ഞിരുന്നത്. ഇപ്പോള്‍ പറയുന്നു നിയമം താന്‍ ലംഘിച്ചുവെന്ന്. തെറ്റു ചെയ്യുക മാത്രമല്ല, അതിനെ ന്യായീകരിക്കുകയും അത് ആവര്‍ത്തിക്കുമെന്ന് പ്രഖ്യാപിക്കുകയുമാണ് മന്ത്രി ചെയ്യുന്നത്. ഇത് അനുവദിക്കാന്‍ കഴിയുന്ന കാര്യമാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.