ന്യൂഡല്‍ഹി: ജയിലിന് പുറത്ത് ആഹ്ലാദാരവം നടത്തി മധുരം വിളമ്ബിയാണ് കാത്തിരുന്ന നീതിയെ രാജ്യം വരവേറ്റത്. ഏഴ് വര്‍ഷവും മൂന്ന് മാസവും കഴിഞ്ഞാണ് വധശിക്ഷ നടപ്പാക്കിയത്. തീഹാര്‍ ജയിലിലെ മൂന്നാം നമ്ബര്‍ മുറിയിലെ കഴുമരത്തില്‍ ഒരേ സമയത്താണ് നാല് കുറ്റവാളികളെയും തൂക്കിലേറ്റിയത്. നാലുകുറ്റവാളികളും രാത്രിയില്‍ ഉറങ്ങിയിരുന്നില്ലെന്നും സമ്മര്‍ദ്ദത്തിലായിരുന്നെന്നും ജയില്‍ അധികൃതര്‍ പറഞ്ഞു. കുളിക്കാനോ ചായ കുടിക്കാനോ അവര്‍ തയ്യാറായില്ലെന്നും ജയില്‍ അധികൃതര്‍ പറഞ്ഞു. മുകേഷ് കുമാര്‍ സിങ് (32), പവന് ഗുപ്ത (25), വിനയ് ശര്‍മ (26), അക്ഷയ് കുമാര്‍ സിങ് (31) എന്നിവരെയാണ് വധശിക്ഷയ്ക്കു വിധേയരാക്കിയത്. ആരാച്ചാര്‍ പവന് ജല്ലാദാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.
ജനുവരി 22, ഫെബ്രുവരി 1, മാര്‍ച്ച് 3 എന്നീ തീയതികളില്‍ വധശിക്ഷ നടപ്പാക്കാന്‍ മരണവാറന്റ് പുറപ്പെടുവിച്ചിരുന്നെങ്കിലും പ്രതികളുടെ ഹര്‍ജികള്‍ നിലനിന്ന സാഹചര്യത്തില്‍ ഇതെല്ലാം റദ്ദാക്കുകയായിരുന്നു. തൂക്കിലേറ്റുന്നതിന്റെ തലേദിവസം വരെ വധശിക്ഷ ഒഴിവാക്കാന്‍ ദയാഹര്‍ജികളും പുനഃപരിശോധനാ ഹര്‍ജികളും തിരുത്തല്‍ ഹര്‍ജികളുമടക്കം നിയമം അനുവദിക്കുന്ന എല്ലാ സാധ്യതകളും പ്രതികള്‍ നോക്കി. എന്നാല്‍ ഒടുവില്‍ നീതിപീഠങ്ങളും രാഷ്ട്രപതിയും അവയെല്ലാം തള്ളി. ഏറ്റവുമൊടുവില്‍ രാജ്യാന്തര നീതിന്യായ കോടതിയെ പോലും പ്രതികള്‍ സമീപിച്ചു.