വാട്ടര്‍ പ്രൂഫ് കോക്കോണിക്സ് ലാപ്ടോപ് മോഡലുകള്‍ പുറത്തിറക്കി. ലാപ്ടോപ്, സെര്‍വര്‍ നിര്‍മാണ രംഗത്ത് കേരളത്തിന്റെ പൊതു-സ്വകാര്യ സംയുക്ത സംരംഭമായ കോക്കോണിക്സ് തങ്ങളുടെ ആദ്യ നിര ലാപ്ടോപ്പുകള് പുറത്തിറക്കി. സര്‍ക്കാര്‍, വ്യവസായ സംരംഭങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയെ ലക്ഷ്യമിട്ട് സിസി 11 ബി, സിസി 11 എ, സി 314 എ എന്നീ മൂന്നു മോഡലുകളാണ് അവതരിപ്പിച്ചിട്ടുള്ളത്.
11 ഇഞ്ച് വലിപ്പമുള്ള ടാബ്ലെറ്റ് കം നോട്ട് ബുക്ക് മോഡലാണ് സിസി 11 ബി. സ്ലീക് ബോഡിയും മെറ്റല്‍ കെയ്സും ട്രെന്‍ഡി ലുക്കുമാണ് ഇതിന്റെ സവിശേഷത. കൊണ്ടുനടക്കാനും കൈകാര്യം ചെയ്യാനും എളുപ്പമായ ഈ മോഡല്‍ നിരന്തരം യാത്ര ചെയ്യുന്നവരെ ഉദ്ദേശിച്ചുള്ളതാണ്. 11 ഇഞ്ച് വലിപ്പത്തില്‍ കനം കുറഞ്ഞ സിസി 11 എ മോഡല്‍ വിദ്യാര്‍ഥികളെയാണ് ലക്ഷ്യംവയ്ക്കുന്നത്.
മുകളില്‍ നിന്നുള്ള വീഴ്ചയെയും വെള്ളത്തെയും ചെറുക്കാന്‍ ശേഷിയുള്ള മോഡലാണ് സി 314 എ. 14 ഇഞ്ച് വലിപ്പമുണ്ട്. വ്യാപാര മേഖലയ്ക്കായാണ് ഇതിന്റെ രൂപകല്‍പ്പന. എട്ടു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന കരുത്തുറ്റ ബാറ്ററി ബാക്ക് അപ്പ് എല്ലാ മോഡലുകള്‍ക്കുമുണ്ട്.