പെരുമ്പാവൂർ : കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച കാർഷിക വിപണന കേന്ദ്രം കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. എൽദോസ് കുന്നപ്പിള്ളി എംഎൽഎ അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ സ്വാഗതം പറഞ്ഞു.
സംസ്ഥാനത്ത് ഊർജ്ജിതമായ കാർഷിക വിപണന സംവിധാനം ഒരുക്കുന്നതിനായി കേരള അഗ്രോ ബിസിനസ് കമ്പനി (കാബ്കോ) രൂപീകരിക്കുന്നതിന് സർക്കാർ തീരുമാനിച്ചതായി കൃഷിമന്ത്രി പി പ്രസാദ് അറിയിച്ചു. കേരളത്തിൽ കാർഷിക ഉത്പന്നങ്ങളുടെ മൂല്യവർദ്ധനവിനും സംസ്കരണത്തിനും ഊന്നൽ നൽകുന്നതിനായി അഗ്രി പാർക്കുകളും ഫ്രൂട്ട് പാർക്കുകളും സ്ഥാപിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും കമ്പനി രൂപീകരിക്കുന്നതിലൂടെ സാധ്യമാകുമെന്ന് മന്ത്രി പറഞ്ഞു.
പബ്ലിക് പ്രൈവറ്റ് പാർട്ണർഷിപ്പ് മോഡലായാണ് കാബ്കോ രൂപീകരിക്കുക. കൂടാതെ അഗ്രോ പാർക്കുകളുടെ നടത്തിപ്പിനും കർഷകരെ വിപണിയുമായി ബന്ധപ്പെടുത്തുന്ന ഒരു സ്വതന്ത്ര കമ്പനി ആയിട്ടായിരിക്കും കാബ്കോ പ്രവർത്തിക്കുകയെന്നും മന്ത്രി അറിയിച്ചു. കൃഷി വകുപ്പ് കേന്ദ്രീകരിച്ച് കാർഷിക ഉത്പന്നങ്ങളുടെ കൈകാര്യം ചെയ്യുന്നതിനും കാർഷികോല്പാദനത്തെ അടിസ്ഥാനമാക്കി വിപണി കണ്ടെത്തുന്നതിനും വിശകലനം ചെയ്യുന്നതിനുമുള്ള ഏജൻസിയായി പ്രവർത്തിക്കാനും കമ്പനിക്കാവും.
കേരളത്തിന്റെ കാർഷിക ഉത്പ്പന്നങ്ങളെ അവയുടെ ഗുണമേന്മകൾ പ്രയോജനപ്പെടുത്തുന്ന തരത്തിൽ പൊതു ബ്രാൻഡിങ്ങിൽ കൊണ്ടു വരുന്നതും കമ്പനിയുടെ ലക്ഷ്യമായിരിക്കും.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഉല്ലാസ് തോമസ്, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ മനോജ് മൂത്തേടൻ, ഷൈമി വർഗീസ്, ശാരദ മോഹൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അംബിക മുരളീധരൻ,
രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ പി അജയകുമാർ, മുടക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി അവറാച്ചൻ, ഒക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എം ഷിയാസ്,
വേങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശില്പ സുധീഷ്,
അശമന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജി ഷാജി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ എൻ എം സലിം, സി ജെ ബാബു, അനു അബീഷ്, ട്രാവൻകൂർ സിമന്റ് ചെയർമാൻ ബാബു ജോസഫ്, പ്ലാന്റേഷൻ ബോർഡ് മെമ്പർ കെ കെ അഷ്റഫ്, ബ്ലോക്ക് മെമ്പർമാർ, വിവിധ പഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ നേതാക്കൾ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, കർഷക കൂട്ടം പ്രതിനിധികൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.