കൊല്ലം: ശസ്ത്രക്രിയക്ക് ശേഷം യുവതിയുടെ വയര്‍ തുന്നിച്ചേര്ത്തില്ലെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മിഷന് കേസ് എടുത്തു. നാല് ആഴ്ച്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കമ്മിഷന് അദ്ധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിര്‍ദേശം നല്കി. കേസ് ഏപ്രില്‍ 17 ന് പരിഗണിക്കും. പൊതുപ്രവര്‍ത്തകനായ ജി എസ് ശ്രീകുമാറാണ് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്. കൊല്ലം വാഴപ്പാറ സ്വദേശി ഷീബയാണ് ഗുരുതര ചികിത്സാപ്പിഴവിന് ഇരയായത്. ഗര്‍ഭാശയ മുഴ നീക്കം ചെയ്യാന്‍ നടത്തിയ ശസ്ത്രക്രിയയാണ് ഷീബയുടെ ജീവിതം ദുരിതത്തിലാക്കിയത്.
വയറുവേദനയെ തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് ഗര്‍ഭാശയത്തില്‍ മുഴ കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഷീബയുടെ ശസ്ത്രക്രിയ നടത്തി. എന്നാല്‍ പിന്നീട് നടത്തിയ പരിശോധനയില്‍ തടിപ്പ് കണ്ടെത്തിയതോടെ ഒന്നരമാസത്തിന് ശേഷം വീണ്ടും ശസ്ത്രക്രിയ നടത്തുകയായിരുന്നു. എന്നിട്ടും വേദനയ്ക്ക് കുറവില്ലായതോടെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയത്. മാസങ്ങളുടെ ഇടവേളകളില്‍ അഞ്ച് ശസ്ത്രക്രിയകള്‍ വീണ്ടും നടത്തി. ഒരു വര്‍ഷത്തിനിടെ വിവിധ ആശുപത്രികളിലായി ഏഴ് ശസ്ത്രക്രിയകള്‍ക്കാണ് ഷീബ വിധേയയാത്. ഇനി ശസ്ത്രക്രിയ നടത്താന്‍ കഴിയില്ലെന്നും വയറു ഭാഗം കൂട്ടിയോജിപ്പിക്കുന്ന കാര്യം ഉറപ്പു നല്കാന് കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചുവെന്നാണ് ഷീബ പറയുന്നത്. ഷീബയുടെ അവസ്ഥ ചൂണ്ടിക്കാണിച്ച് കെ ബി കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ നിയമസഭയില്‍ സംസാരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.