മൂവാറ്റുപുഴ : മൂവാറ്റുപുഴ നഗരസഭയുടെ 2021-2022 വര്‍ഷത്തിലേക്കുള്ള ബഡ്ജറ്റ് ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ വൈസ്ചെയര്‍പേഴ്സണ്‍ സിനി ബിജു അവതരിപ്പിച്ചു. കൗണ്‍സില്‍ യോഗത്തില്‍ നഗരസഭാ ചെയര്മാന് പി.പി.എല്‍ദോസ് അദ്ധ്യക്ഷനായി.
വികസന-ക്ഷേമം പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്കുന്ന ബജറ്റില്‍ നികുതികളൊന്നും വര്‍ദ്ധിപ്പിച്ചിട്ടില്ല. 5,48,21,000/- രൂപ മുന്നിരിപ്പും 23,50,03,994/- രൂപ വരവും ഉള്‍പ്പെടെ ആകെ 28,98,24,994/- രൂപ വരവും 25,87,04,994/- രൂപ ചെലവും 3,11,20,000/- രൂപ നീക്കിയിരിപ്പുമുള്ള 2020-2021 വര്‍ഷത്തിലെ പുതുക്കിയ ബഡ്ജറ്റും 3,11,20,000/-രൂപ മുന്നിരിപ്പും 52,00,23,873/-രൂപ വരവും ഉള്‍പ്പെടെ ആകെ 55,11,43,873/- രൂപ വരവും 54,51,29,873/-രൂപ ചെലവും 60,14,000/- രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന 2021-2022 വര്‍ഷത്തിലെ ബഡ്ജറ്റ് എസ്റ്റിമേറ്റുമാണ് അവതരിപ്പിച്ചത്്.
ഏതൊരാളുടേയും ഏറ്റവും വലിയ സ്വപ്നമായ ഭവന പദ്ധതിയ്ക്കാണ് ബജറ്റ് മുന്‍തൂക്കം നല്‍കുന്നത്. 5 വര്‍ഷം കൊണ്ട് നഗരത്തില്‍ സമ്പൂര്‍ണ്ണ ഭവന പദ്ധതിയാണ് ലക്ഷ്യമിടുന്നത്. ഇതിനായി ബജറ്റില്‍ ഒന്നരക്കോടി രൂപ വകയിരുത്തി. പി.എം.എ.വൈ പദ്ധതി പ്രകാരം വീട് നിര്‍മ്മിച്ചു നല്‍കുന്നതിനും സ്ഥലം വാങ്ങുന്നതിനും തുക വിനിയോഗിക്കും. ഇതിനു പുറമെ പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ആവിഷ്ക്കരിച്ചിരിക്കുന്ന ഇടം പദ്ധതി പ്രകാരം പട്ടികജാതി വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് ഭവന നിര്‍മ്മാണത്തിന് 5 ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്നതാണ് പദ്ധതി.
സ്ത്രീകളുടെ ക്ഷേമവും സുരക്ഷയുംഉറപ്പു വരുത്തുന്നതിന് 20 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തി. . ബോധവല്‍ക്കരണം, സുരക്ഷ, തൊഴില്‍ പരിശീലനം, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കും.
നഗരം നേരിടുന്ന മാലിന്യ പ്രശ്നം പരിഹരിക്കാന്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനും സംസ്ക്കരണത്തിനുമായി 2 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. വളക്കുഴിയിലെ മാലിന്യ നിക്ഷേപ കേന്ദ്രത്തിന്റെ നവീകരണമാണ് മുഖ്യലക്ഷ്യം. ടൗണ്‍ സൗന്ദര്യവത്ക്കരണ പദ്ധതിയ്ക്ക് ആവശ്യമായ തുകയും നീക്കി വച്ചിട്ടുണ്ട്. മഴക്കാലം ആരംഭിക്കുന്നതിനു മുമ്പ് നഗരത്തിലെ മുഴുവന്‍ അഴുക്കുചാലുകളും ശുചീകരിക്കും. പുഴയോര വാക്് വേ നിര്‍മ്മിക്കാന്‍ 25 ലക്ഷം രൂപ വകയിരുത്തി. കാവുംപടി മുതല്‍ കച്ചേരിത്താഴം വരേയും നിലവിലുള്ള വാക്വേയ്ക്ക് അഭിമുഖമായി വാച്ച് സ്റ്റേഷന് മുതല്‍ ലതാ പാലം വരെയുമാണ് പുതിയ പുഴയോര നടപ്പാത നിര്‍മ്മിക്കുക. പാര്‍ക്കില്‍ വനം വകുപ്പിന്റെ സഹകരണത്തോടെ മിയാവാക്കി പദ്ധതി നടപ്പാക്കും. ഇതിനാവശ്യമായ തുക വകയിരുത്തുന്നു.
നഗരത്തെ പ്രകാശപൂരിതമാക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ 50 ലക്ഷം രൂപ ചിലവഴിച്ച് നിലാവ് പദ്ധതി നടപ്പാക്കും. നഗരത്തിന്റെ പ്രൗഢിക്ക് അനുയോജ്യമായ തരത്തില്‍ പുതിയ ടൗണ്‍ഹാള്‍ നിര്‍മ്മിക്കുന്നതിന് 10 കോടി രൂപ വകയിരുത്തി.. വെള്ളപ്പൊക്ക ഭീഷണിയെ അതിജീവിക്കുന്ന തരത്തിലാകും ആധുനിക സൗകര്യങ്ങളോടെ ടൗണ്‍ഹാള്‍ നിര്‍മ്മിക്കുക.
കാവുംകരയില്‍ മാര്‍ക്കറ്റ് കോംപ്ലക്സ് നിര്‍മ്മിക്കാന്‍ 1 കോടി രൂപയും പാലം ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മിക്കുന്നതിന് 14 കോടി രൂപ വകയിരുത്തി. നഗരസഭാ ഓഫീസിനോട് അനുബന്ധിച്ച് രാഷ്ട്രപിതാവിന് സ്മാരകം നിര്‍മ്മിക്കും. നഗരസഭയ്ക്ക് പുതിയ കവാടവും. ഇതിനായി 15 ലക്ഷം രൂപ നീക്കി വയ്ക്കുന്നു.
40 ലക്ഷം രൂപ ചിലവഴിച്ച് ടര്‍ഫ് കോര്‍ട്ട് നിര്‍മ്മിക്കും. തൊഴിലുറപ്പ് പദ്ധതിയ്ക്ക് 75 ലക്ഷം രൂപയും മണ്ണ്-ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി 1.36 കോടി രൂപയും ശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിനായി നേരത്തെ പ്രഖ്യാപിച്ച തുകയ്ക്ക് പുറമെ ശുചിത്വ പദ്ധതികള്‍ക്കായി പ്ലാന്‍ ഫണ്ടില്‍ നിന്ന് 35 ലക്ഷവും വയോജന ക്ഷേമത്തിന് 20 ലക്ഷവും അഗതി ക്ഷേമത്തിന് 17 ലക്ഷവും വനിതാ ക്ഷേമത്തിന് 20 ലക്ഷവും അങ്കണവാടി കുട്ടികളുടെ ക്ഷേമത്തിന് 41 ലക്ഷം രൂപയും വകയിരുത്തി. കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് 53 ലക്ഷം രൂപ നീക്കി വച്ചിട്ടുണ്ട്.. പൊതു കുടിവെള്ള പദ്ധതിയ്ക്ക് 25 ഉം വ്യക്തിഗത പദ്ധതികള്‍ക്കായി 28 ഉം ലക്ഷം രൂപ ഇതില്‍ നിന്ന് ചെലവഴിക്കും.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വികസനത്തിന് 12 ലക്ഷവും യുവജന ക്ഷേമത്തിന് 10 ലക്ഷവും ആരോഗ്യ സംരക്ഷണത്തിന് 25 ലക്ഷവും വകയിരുത്തി. ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവരുടെ ക്ഷേമത്തിനായി 5 ലക്ഷം രൂപയും ബസ് സ്റ്റാന്റുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി 5 ലക്ഷവും ക്ഷേമ പെന്ഷന് 2.33 കോടി രൂപയും വിവിധ സര്‍ക്കാര്‍ ആശുപത്രികള്‍ക്കായി 10 ലക്ഷം രൂപയും നിര്‍ദ്ധനരായവര്‍ക്ക് ക്യാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ കണ്ടെത്താന്‍ പരിശോധന നടത്തുന്നതിന് 3 ലക്ഷം രൂപയും വനിതകള്‍ക്കും മറ്റും തൊഴില്‍ പരിശീലനം നല്‍കുന്നതിന് 5 ലക്ഷവും ചെറുകിട സംരംഭങ്ങള്‍ക്ക് സഹായം നല്കാന് 5 ലക്ഷം രൂപയും അംഗന്‍വാടി കെട്ടിട നിര്‍മ്മാണത്തിന് 45 ലക്ഷം രൂപയും പുതിയ റോഡ് നിര്‍മ്മാണത്തിന് 65 ലക്ഷം രൂപയും വകയിരുത്തി.
നഗരസഭയുടെ തനത് ഫണ്ടില്‍ നിന്നുള്ള വരവ്, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് ലഭിക്കുന്ന വിവിധ ഇനം ഗ്രാന്റുകള്‍, കിഫ്ബി, വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള വായ്പ, എം.എല്‍.എ., എം.പി ഫണ്ടുകള്‍ നികുതി പിരിവിലൂടെ ലഭിക്കുന്ന തുക തുടങ്ങിയവയാണ് പ്രധാന വരുമാന മാര്‍ഗ്ഗങ്ങളായി ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
മുനിസിപ്പല്‍ സ്റ്റേഡിയത്തിന്റെ സമഗ്ര വികസിനം, നഗരത്തിലെ ഗതാഗത കുരുക്ക്പരിഹാരിക്കുന്നതിനുള്ള പദ്ധതികള്‍, ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍, വഴി, വെളളം, വെളിച്ചം, പാര്‍പ്പിടം, ശുചിത്വം എന്നിവ അടിസ്ഥാന പ്രശ്നങ്ങളായി കണക്കാക്കി ബജററില്‍ പദ്ധതികള്‍ വിഭാവനം ചെയ്തിട്ടുണ്ട്.
പൊതുവായ നഗര വികസനത്തിന് ഒപ്പം വാര്‍ഡുകളുടെ പ്രത്യേക വികസനത്തിനും പദ്ധതിയുണ്ട്. സംസ്ഥാനത്തെ മികച്ച നഗരങ്ങളില്‍ ഒന്നാക്കി മൂവാറ്റുപുഴയെ വളര്‍ത്തുക എന്നതാണ് ബജറ്റ് ലക്ഷ്യമിടുന്നത്. 50 വര്‍ഷത്തെ നഗരത്തിന്റെ വികസനം മുന്നില്‍ കണ്ട് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും. വിദഗ്ധരെ ഉള്‍പ്പെടുത്തിയാണ് പ്ലാന്‍ തയ്യാറാക്കുക.