ഇടുക്കി: വണ്ടിപ്പെരിയാറിലെ ചുരക്കുളം എസ്റ്റേറ്റ് ലയത്തില്‍ വച്ച് ആറ് വയസുകാരിയെ പീഡിപ്പിച്ച ശേഷം കൊന്ന് കെട്ടിത്തൂക്കിയ കേസില്‍ പ്രതി അര്‍ജുനെ വെറുതെവിട്ട കോടതി വിധിയോട് പ്രതികരിച്ച് മന്ത്രി കെ.
രാധാകൃഷ്ണൻ.
കേസിലെ വിധി പരിശോധിച്ച ശേഷം വിശദമായി പ്രതികരിക്കാമെന്നും ആറുവയസുകാരിയുടെ കുടുംബത്തിന് സര്‍ക്കാര്‍ നിയമസഹായം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
തെളിവുകളുടെ അഭാവത്തിലാണ് കേസിലെ പ്രതി അര്‍ജുനെ കോടതി വെറുതെവിട്ടത്. പ്രതിയുടെ മേല്‍ ചുമത്തിയ കൊലപാതകവും ബലാത്സംഗവും തെളിയിക്കാൻ കഴിഞ്ഞില്ലെന്നും കോടതി നിരീക്ഷിച്ചു. കട്ടപ്പന അതിവേഗ സ്പെഷല്‍ കോടതിയുടേതാണ് ഉത്തരവ്.
2021 ജൂണ്‍ 30ന് ആണ് മനുഷ്യ മനസാക്ഷിയെ നടുക്കുന്ന സംഭവമുണ്ടായത്. കഴുത്തില്‍ ഷാള്‍ കുരുങ്ങിയാണ് മരണമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ കുട്ടി ക്രൂര പീഡനത്തിന് ഇരയായിട്ടുണ്ടെന്നും മരണം കൊലപാതകമാണെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞതോടെ പോലീസ് അന്വേഷണമാരംഭിച്ചു.
വണ്ടിപ്പെരിയാര്‍ സ്വദേശി അര്‍ജുനാണ് കൃത്യം ചെയ്തതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. പീഡനത്തിനിടെ ബോധരഹിതയായ പെണ്‍കുട്ടിയെ പ്രതി കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
വണ്ടിപ്പെരിയാര്‍ സിഐ ആയിരുന്ന ടി.ഡി സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. 2021 സെപ്റ്റംബര്‍ 21 ന് കുറ്റപത്രം സമര്‍പ്പിച്ചു. കൊലപാതകം, ബലാത്സംഗം, പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ എന്നിവ പ്രതിക്കെതിരെ ചുമത്തിയിരുന്നു.