കൊച്ചി: വിശ്വാസികളുടെ സുരക്ഷ സര്‍ക്കാറിന്റെ ഉത്തരവാദിത്വമാണെന്നും ആചാരകാര്യങ്ങളില്‍ ഇടപെട്ടിട്ടില്ലെന്നും സര്‍ക്കാര്‍ ഹൈകോടതിയെ അറിയിച്ചു.
ശബരിമലയിലെ ആചാരങ്ങളിലോ അനുഷ്ഠാനങ്ങളിലോ സര്‍ക്കാര്‍ ഇതുവരെ ഇടപെട്ടിട്ടില്ല. ഇനി ഇടപെടാന്‍ ഉദ്ദേശിക്കുന്നുമില്ല. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ശബരിമലയിലെ സുരക്ഷ സംസ്ഥാന സര്‍ക്കാറിന് നിര്‍ബന്ധമാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ചില തീവ്രസംഘങ്ങള്‍ എത്തി പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. അതിനനുസരിച്ചുള്ള സുരക്ഷ ഒരുക്കുക മാത്രമാണ് ചെയ്തത്. ആചാരത്തില്‍ ഇടപെടാന്‍ മുഖ്യമന്ത്രി ദേവസ്വം ബോര്‍ഡ് അടക്കമുള്ളവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടില്ലെന്നും കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
10നും 50നും ഇടയിലുള്ള യുവതികളുടെ ആരാധനാ സ്വാതന്ത്ര്യം ഉറപ്പാക്കാനുള്ള ബാധ്യതയും സര്‍ക്കാറിനുണ്ട്. ശബരിമലയുടെ വികസനത്തിന് കോടികളാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്. എന്നാല്‍, ചില രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ താല്പര്യം മുന്‍നിര്‍ത്തിയുള്ള അജണ്ട നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.മാധ്യമങ്ങളെ നിയന്ത്രിച്ച സാഹചര്യം ഇപ്പോഴില്ല. അതിനാല്‍ ഹരജി പ്രസക്തമല്ല. മാധ്യമങ്ങളെ നിയന്ത്രിക്കുന്നതടക്കം പുതിയ സാഹചര്യങ്ങള്‍ ഉണ്ടായാല്‍ ഹരജിക്കാരന് കോടതിയെ സമീപിക്കാമെന്നും ഹൈകോടതി വ്യക്തമാക്കി. തുടര്‍ന്ന് മാധ്യമങ്ങളെ നിയന്ത്രിച്ചത് ചൂണ്ടിക്കാട്ടി സ്വകാര്യ ചാനല്‍ നല്കിയ ഹരജി കോടതി തീര്‍പ്പാക്കി. മറ്റ് നാലു ഹരജികള്‍ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി.