സ്വന്തം മാതാവിന്റ പേരില്‍ ക്ഷേത്രം നിര്‍മിച്ച ഡോക്ടറുടെ മാതൃസ്നേഹം വേറിട്ട കാഴ്ചയും ചര്‍ച്ചയുമാകുന്നു.സിനിമാ താരങ്ങളുടെയും, രാഷ്ടീയ നേതാക്കളുടെയും എല്ലാം പേരില്‍ ക്ഷേത്രങ്ങളുള്ള തമിഴ്നാട്ടില്‍ ആദ്യമായാണ് മരണപ്പെട്ടു പോയ മാതാവിന്റ പേരില്‍ മക്കള്‍ ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്.
മരിച്ചു പോയ മാതാവാണ് ഈക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ എന്നതും ക്ഷേത്രത്തെ വ്യത്യസ്ഥമാക്കുന്നു. പേഴയ്ക്കാപ്പിള്ളി സബയ്ന്സ് ആശുപത്രിയിലെ കുട്ടികളുടെ ഡോക്ടര്‍ ജയന്ത് ജയരാജാണ് ജന്മനാട്ടില് അമ്മയുടെ പേരില്‍ ക്ഷേത്രം നിര്‍മിച്ചത്. കഴിഞ്ഞ 13 വര്‍ഷമായി ഇവിടെ പീഡിയാട്രീഷ്യന്‍ ആണ് ജയന്ത് . ഭാര്യ ഡോ . മഹാലക്ഷ്മിയും ഇവിടെ ഡോക്ടറാണ്.
കമ്പം സുരുളി മലയിലെ വെള്ളച്ചാട്ടത്തിനു സമീപം ഒരേക്കര്‍ സ്ഥലത്താണ് 85 അടി ഉയരമുള്ള ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. ശക്തി മിഹഅന്നൈ ശ്രീജയമീന ക്ഷേത്രം എന്നാണ് ഇതിനു പേര് നല്‍കിയിരിക്കുന്നത്.വനിത ദിനത്തില്‍ പ്രതിഷ്ഠ നടത്തിയ ക്ഷേത്രത്തില്‍ മാതൃദിനത്തില്‍ പ്രത്യേക പൂജകള്‍ നടക്കും. ജഗന്തിന്റെ അമ്മയുടെ പേരാണ് ജയമീന. ഡോ. ജഗന്തും ഭാര്യ ഡോ. മഹലക്ഷ്മിയും ജഗന്തിന്റെ സഹോദരി ഡോ. ജെനിത ജയരാജും ചേര്‍ന്നാണ് ക്ഷേത്ര നിര്‍മാണത്തിനു ഫണ്ട് കണ്ടെത്തിയത്.
കാന്‍സര്‍ രോഗ ബാധിതയായ ജയ മീന 2013ല്‍ ആണ് മരിക്കുന്നത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ജയമീനയും ഭര്‍ത്താവ് ജയരാജും. സാധാരണ കുടുംബത്തില്‍ 2 കുട്ടികള്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസം നല്കാന് ജയമീന ഏറെ ബുദ്ധിമുട്ടിയിരുന്നു. ഇതിനിടയിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ജയമീന സജീവമായിരുന്നു. സഹായം ചോദിച്ചെത്തുവര്ക്ക് എപ്പോഴും തന്നാലാകുന്ന സഹായങ്ങള്‍ നല്‍കുന്നതിലും ജയമീന ശ്രദ്ധിച്ചിരുന്നു.
2015ല്‍ ആണ് ക്ഷേത്രത്തിന്റെ നിര്‍മാണം ആരംഭിച്ചത്. ഈ വര്‍ഷമാണ് പൂര്‍ത്തിയായത്. കഴിഞ്ഞ വനിത ദിനത്തില്‍ ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാക്കി പ്രതിഷ്ഠയും നടത്തി. ശിവന്, മഹാലക്ഷ്മി, മുരുകന്, ഗണപതി എന്നീ ദേവതകളുടെ പ്രതിഷ്ഠയും ക്ഷേത്രത്തില്‍ ഉണ്ട്. ക്ഷേത്രത്തിന്റെ ഹാളില്‍ വിവിധ ആഘോഷങ്ങളും സംഘടിപ്പിക്കുന്നുണ്ട്.