മൂവാറ്റുപുഴ: നഗര ഗതാഗതകുരുക്കിന് ശാശ്വത പരിഹാരമായ ബൈപാസ് റോഡുകളുടെ നിര്‍മ്മാണം ഫയലിലുറങ്ങുന്നു. കടാതി മുതല്‍ കാരക്കുന്നം വരെയുള്ള നിര്‍ദിഷ്ട മൂവാറ്റുപുഴ ബൈപാസ് റോഡ് നിര്‍മ്മാണങ്ങളാണ് ജലരേഖയായി മാറിയത്.
പട്ടണത്തിലെ അതിഭീകരമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്തതായിരുന്നു കടാതിയില്‍ ആരംഭിച്ച് കാരക്കുന്നത്ത് അവസാനിക്കുന്ന മൂവാറ്റുപുഴ ബൈപാസ് .1996-ല്‍ കേന്ദ്ര ഗവണ്മെന്റ് മൂന്‍ഗണന നിശ്ചയിച്ച പദ്ധതി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞിട്ടില്ല.ഇതോടൊപ്പം മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്ന തൃപ്പൂണിത്തറ ബൈപാസ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും, മൂവാറ്റുപുഴ ബൈപാസിന്റെ നിര്‍മ്മാണത്തിനാവശ്യമായ സ്ഥലമെടുപ്പ് പോലും തുടങ്ങിയിട്ടില്ല.
ബൈപാസ് നിര്‍മ്മാണത്തിന്റെ ഭാഗമായി വര്‍ഷങ്ങള്‍ക്ക് മുമ്പ് അലൈന്റ്മെന്റ് നിശ്ചയിച്ച് സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍ അധികൃതര്‍ കല്ലിട്ടു വെങ്കിലും ഭൂമി ഏറ്റെടുക്കുകയോ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കുകയോ ചെയ്തില്ല. ഭുമി അളന്ന് തിരിച്ച് കല്ലിട്ടിട്ടും പദ്ധതി നടക്കാതെ പോയതോടെ ഉടമസ്ഥര്‍ക്ക് ഭുമി വില്‍ക്കുന്നതിനോ, മറ്റ് ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്.
35 മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മ്മിക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം.എന്നാല്‍ കേന്ദ്ര ഗവണ്മെന്റ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയതോടെ റോഡിന്റെ വീതി 45 മീറ്ററാക്കി ഉയര്‍ത്തി.കടാതി മുതല്‍ കാരക്കുന്നം വരെ 4.57 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന റോഡിന് 48.9 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്.
2014 ഒക്ടോബര്‍ ഒന്നിന് ചേര്‍ന്ന ദേശീയ പാത അതോറിട്ടി യോഗത്തില്‍ നിര്‍ദിഷ്ഠ ബൈപാസിന് 10 കോടി രൂപാ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചതായി ജോയ്സ് ജോര്‍ജ് എം.പി.വെളിപ്പെടുത്തുകയും, നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന് പ്രഖ്യാപന നമുണ്ടായെങ്കിലും ഫലമുണ്ടായില്ല പിന്നീട് 2018 മാര്ച് 22 ന് മൂവാറ്റുപുഴയില്‍ ഉന്നതതല യോഗം ചേര്‍ന്ന് മൂവാറ്റുപുഴ, കോതമംഗലം ബൈപാസുകള്‍ 2017-18 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 45 മീറ്റര്‍ വീതിയില്‍ ഉടന്‍ നിര്‍മ്മാണം ആരംഭിക്കുമെന്നു കോതമംഗലം ,മൂവാറ്റുപുഴ എം.എല്‍.എമാരുടെ സാന്നിദ്ധ്യത്തില്‍ എം.പി.പ്രഖ്യാപനം നടത്തിയെങ്കിലും നടപടികളായില്ല. നിര്‍മ്മാണ പ്രവര്‍ത്തനത്തിന് ഡല്‍ഹി ആസ്ഥാനമായ കുല്‍ക്കര്‍ണി അസോസിയേറ്റഡ് എന്ന സ്ഥാപനം ഇതിനിടെ നിര്‍മ്മാണ കരാര്‍ ഏറ്റെടുത്തെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു. 1995-ല്‍ കേന്ദ്ര നഗരവികസന മന്ത്രാലയം തയ്യാറാക്കിയ പദ്ധതി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പ്രാവര്‍ത്തികമാക്കാത്തതില്‍ ശക്തമായ പ്രതിഷേധമാണ് ജനങ്ങള്‍ക്കുള്ളത്.
മൂവാറ്റുപുഴ: പട്ടണത്തിലെ ഗതാഗത കുരുക്കിന് പൂര്‍ണ്ണമായും പരിഹാരം കാണുന്ന തിന് വിഭാവനം ചെയ്ത മൂവാറ്റുപുഴ ബൈപാസും, കടാതിയില്‍ നിന്നും ആരംഭിച് 130 കവലയില്‍ എത്തിച്ചേരുന്ന മുറിക്കല്ല് ബൈപാസ് റോഡും എത്രയും വേഗം നിര്‍മ്മിക്കണമെന്ന് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി പി.പി.എല്‍ദോസ് ആവശ്യപ്പെട്ടു. ബൈപാസ് റോഡൂകള്‍ നിര്‍മ്മിക്കുന്നതില്‍ ജനപ്രതിനിധികള്‍ കാണിക്കുന്ന നിസംഗതയും, അലംഭാവവും അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.