പ്രതിക്ക് വേണ്ടി മൂവാറ്റുപുഴ ബാറിലെ അഭിഭാഷകനായ വി.കെ. ഷമീറാണ് ഹാജരായത്.
കോതമംഗലം: താറാവ് ഫാമിലെ തൊഴിലാളിയെ താറാവിനു കൊടുക്കുന്ന മരുന്ന് നല്കിയ ശേഷം കൊലപ്പെടുത്തിയ ഇതര സംസ്ഥാനക്കാരനായ പ്രതിയെ കോടതി വെറുതെ വിട്ടു. ഇതര സംസ്ഥാന ക്കാരനെ കഴുത്തറത്ത് കൊന്ന് കുഴിച്ചു മൂടിയ കേസിലെ പ്രതിയായ ഷഫീക്ക് ഉള് ഇസ്ലാമിനെയാണ് മൂവാറ്റുപുഴ അഡീഷണല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടത്.
2014-ല്‍ കുറുപ്പുംപടിക്കടുത്ത് വേങ്ങൂരിലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിക്ക് ശമ്പളം ലഭിക്കുന്നതിലെ തര്‍ക്കമാണ് കൊലപാതകത്തില്‍ അവസാനിച്ചതെന്നായിരുന്നു പോലീസ് കേസ്. കൊല ചെയ്യപ്പെട്ടയാളിന്റെ വില പിടിപ്പുള്ള സാധനങ്ങള്‍ പ്രതി അപഹരിച്ചു എന്നും കുറ്റപത്രത്തില്‍ പറയുന്നു. ശവശരീരം അഴുകിയ നിലയിലായതിനാല്‍ പരേതന്റെ ഡിഎന്‍എ ടെസ്റ്റ് നടത്തിയാണ് മരിച്ചത് പ്രതിക്കൊപ്പം ഉണ്ടായിരുന്ന ഇതര സംസ്ഥാനക്കാരനായ സനുവര് ആണെന്ന് സ്ഥിരീകരിച്ചത്. കൊലപാതകം കഴിഞ്ഞ് പ്രതി അസ്സാമിലേക്ക് ഒളിവില്‍ പോവുകയായിരുന്നു. തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ ആസാമില്‍ നിന്നുമാണ് കുറുപ്പുംപടി പോലീസ് അറസ്റ്റ് ചെയ്തത് നടപടികള്‍ പൂര്‍ത്തിയാക്കിയത്.
പ്രതിക്കെതിരെയുള്ള തെളിവുകള്‍ അപര്യാപ്തമാണെന്നും. സാക്ഷിമൊഴികളും സാഹചര്യ തെളിവുകള്‍ കൊണ്ടും പ്രതി കുറ്റം ചെയ്തു എന്ന് തെളിയിക്കാന്‍ അപര്യാപ്ത മാണെന്ന് പ്രതിഭാഗം വാദിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് അഡീഷണല്‍ ഡിസ്റ്റിക്ക് ജഡ്ജ് കെ.എന്‍.പ്രഭാകരന് വിധി പ്രസ്താവിച്ചത്. പ്രതിക്ക് വേണ്ടി മൂവാറ്റുപുഴ ബാറിലെ അഭിഭാഷകനായ വി.കെ. ഷമീറാണ് ഹാജരായത്.