പത്തനംതിട്ട: അഞ്ചുപേരില്‍ കൊവിഡ് 19 സ്ഥിരീകരിച്ചതോടെ പത്തനംതിട്ട ജില്ലയില്‍ ജനം ആശങ്കയില്‍. ജില്ലയില്‍ ജനജീവിതം ഏതാണ്ട് നിശ്ചലമാണ്. റാന്നി മേഖലയില്‍ ജനങ്ങള്‍ ഭീതിയിലാണ്. ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും നല്കിയ ജാഗ്രതാ നിര്‍ദ്ദേശം നിലനില്‍ക്കെ പുറത്തിറങ്ങാന്‍ പോലും മടിക്കുകയാണ് പൊതുജനങ്ങള്‍. മുന്‍കരുതലെന്ന നിലയില്‍ ഭൂരിപക്ഷം ആളുകളും മാസ്കുകള്‍ ധരിച്ചാണ് പുറത്തിറങ്ങുന്നത്.
രോഗം കണ്ടെത്തിയ റാന്നിയില്‍ പതിവ് തിരക്കൊന്നും നഗരത്തിലില്ല. ജനജീവിതം ഏറെക്കുറെ നിശ്ചലമാണ്. ആള്‍ത്തിരക്കുണ്ടാകാറുള്ള നഗരമേഖലകളും ബസ് സ്റ്റാന്റുകളും ആളൊഴിഞ്ഞ് കിടക്കുന്ന അവസ്ഥയിലാണ്. പത്തനംതിട്ട നഗരത്തിലും ജനത്തിരക്ക് കുറവാണ്. അഞ്ചു പേരെ ഐസൊലേറ്റ് ചെയ്തിരിക്കുന്ന പത്തനംതിട്ട ജനറല്‍ ആശുപത്രി പരിസരങ്ങളിലും ബസ് സ്റ്റാന്റിലും തിരക്ക് കുറവാണ്. ചില കച്ചവടസ്ഥാപനങ്ങളും തുറന്നിട്ടില്ല. റാന്നി ഐക്കരയില്‍ ഇറ്റലിയില്‍ നിന്ന് എത്തിയ മൂന്ന് പേരടക്കം അഞ്ച് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. റാന്നിലേക്കുള്ള ബസുകളില്‍ യാത്രക്കാര്‍ തീരെ കുറവാണ്. ആളുകള്‍ ഇല്ലാത്തതിനാല്‍ പല ബസുകളും സര്‍വ്വീസ് നടത്തുന്നില്ല. മറ്റു പ്രദേശങ്ങളിലേക്കും ബസുകളില്‍ യാത്രക്കാര്‍ ക്രമാതീതമായി കുറഞ്ഞിട്ടുണ്ട്.
അതേസമയം, നഗരത്തിലെ മെഡിക്കല്‍ സ്റ്റോറുകളിലും മറ്റിടങ്ങളിലും മാസ്കുകള്‍ കിട്ടാനില്ലാത്ത അവസ്ഥയാണ്. കച്ചവട സ്ഥാപനങ്ങളിലും ആളുകള്‍ എത്തുന്നില്ല. പൊതുപരിപാടികളും മതപരമായ ചടങ്ങുകളും മാറ്റിവച്ചിട്ടുണ്ട്. കൊറോണ വൈറസ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ പത്തനംതിട്ട ജില്ലാ കോടതിയുടെ സാധാരണ സിറ്റിങ് മാറ്റിവച്ചു. മാര്‍ച്ച് പതിമൂന്നു വരെയാണ് കോടതി സിറ്റിങ് നിര്‍ത്തിവച്ചിരിക്കുന്നത്.