മനസമ്മതത്തിന് ശേഷം ടാങ്കര്‍ ലോറി ഓടിച്ചെത്തിയ വധുവിനെ കണ്ട് അമ്പരന്ന് അതിഥികള്‍. ഗള്‍ഫില്‍ ടാങ്കര്‍ ലോറി ഡ്രൈവര്‍മാരായ വധു ഡെലീഷയും വരന് ഹേന്സണുമാണ് ഹാളിലേക്ക് ടാങ്കര്‍ ലോറിയിലെത്തിയത്. വടക്കേ കാരമുക്ക് സെന്റ് ആന്റണീസ് ദേവാലയത്തിലായിരുന്നു മനസമ്മത ചടങ്ങുകള്‍.
തൃശൂര്‍ മണലൂര്‍ വടക്കേ കാരമുക്ക് പള്ളിക്കുന്നത്ത് ഡെലീഷയാണ് കാഞ്ഞിരപ്പിള്ളി ആനക്കല്‍ മേലോത്ത് ഹേന്‍സനുമായി മനസ്സമ്മതം കഴിഞ്ഞ് അര കിലോമീറ്റര്‍ ദൂരത്തുള്ള ഹാളിലേക്ക് ടാങ്കര്‍ ലോറി ഓടിച്ചെത്തിയത്.
ടാങ്കര്‍ ലോറി ഡ്രൈവറായ പിതാവ് ഡേവിസിനൊപ്പം ഒഴിവ് സമയങ്ങളില്‍ കൂടെ സഞ്ചരിച്ചപ്പോഴാണ് ടാങ്കര്‍ ലോറി ഡ്രൈവറാവണമെന്ന ആഗ്രഹം ഡെലീഷക്ക് ഉണ്ടാകുന്നത്. പ്രായപൂര്‍ത്തി ആയതോടെ പഠനത്തോടൊപ്പം ഡ്രൈവിങ്ങ് ലൈസന്‍സും എടുത്തു. ടാങ്കര്‍ ലോറി ഓടിക്കാന്‍ പിതാവിനൊപ്പം ചേര്‍ന്ന ഡെലീഷ പിന്നീട് പിതാവ് ഇല്ലാതെ ടാങ്കര്‍ ലോറി ഓടിച്ച് കൊച്ചിയില്‍ നിന്നും പെട്രോള്‍ എടുത്ത് മലപ്പുറം പമ്പില്‍ എത്തിക്കുക പതിവായിരുന്നു. ഇതോടെ മാധ്യമശ്രദ്ധ നേടിയ ഡെലീഷക്ക് തൊഴില്‍ വാഗ്ധാനവുമായി ഗള്‍ഫ് കമ്പനികള്‍ എത്തി.
ഗള്‍ഫില്‍ ടാങ്കര്‍ ലോറി ഡ്രൈവറായിതൊഴില് ചെയ്ത് വരവേയാണ് ജര്‍മ്മന്‍ കമ്പനിയില്‍ ടാങ്കര്‍ ലോറി ഡ്രൈവറായ ഹേന്‍സനുമായി യുവതി അടുപ്പത്തിലാകുന്നത്. അങ്ങനെ ഇരുവരുടെയും വീട്ടുകാര്‍ ഇടപെട്ട് വിവാഹം നിശ്ചയിച്ചു.
വടക്കേ കാരമുക്ക് സെന്റ് ആന്റണീസ് ദേവാലയത്തില്‍ ശനിയാഴ്ച ഉച്ചക്കായിരുന്നു മനസ്സമ്മത ചടങ്ങ് നടന്നത്. ചടങ്ങുകള്‍ അവസാനിച്ച് വേണ്ടപ്പെട്ടവരുമായുള്ള ഫോട്ടോ ഷൂട്ടിനും ശേഷം ടാങ്കര്‍ ലോറിയില്‍ കയറി നവദമ്പതികള്‍ ഹാളിലേക്ക് എത്തുകയായിരുന്നു.