സംരംഭകന് 10 കോടി രൂപ വരെ സർക്കാർ വായ്പ നൽകുന്ന ഈയോ അഥവാ ‘എക്പാൻഡ് യുവർ ഓഫീസ്’ ആണ്
സംസ്ഥാന ബഡ്ജറ്റിലെ ആകർഷകമായ ഒരു പ്രഖ്യാപനം. അഞ്ച് ശതമാനം മാത്രമാണ് പലിശ. നിബന്ധനകൾ കൃത്യമായി പാലിച്ചു കഴിഞ്ഞാൽ പലിശയിൽ ഒരു ശതമാനം ഇളവും അധികമായി ലഭിക്കും.
പദ്ധതി ഇങ്ങനെ
സ്വന്തമായി ഭൂമി കൈവശമുള്ളതും നൂറിൽ കൂടുതൽ പേർക്ക് തൊഴിലവസരം നൽകാൻ കഴിയുന്നതും ചുരുങ്ങിയത് മൂന്ന് വർഷമായി വിജയകരമായി പ്രവർത്തിച്ച് വരുന്നതുമായ ഒരു സ്റ്റാർട്ട് അപ്പ് അല്ലെങ്കിൽ എംഎസ്എംഇ സ്ഥാപകന് സ്വന്തം ഭൂമിയിൽ കോ വർക്കിംഗ് സ്പേസുകൾ സ്ഥാപിക്കനാണ് വായ്പ അനുവദിക്കുന്നത്.
ഇങ്ങനെ സ്ഥാപിക്കുന്ന കോ വർക്കിംഗ് സ്പേസുകളുടെ 90 ശതമാനവും രണ്ട് വർഷങ്ങൾക്കുള്ളിൽ ഉപയോഗിച്ച് തുടങ്ങുകയും ആനുപാതികമായ തൊഴിലുകൾ സൃഷ്ടിക്കുകയും ചെയ്താൽ പലിശയുടെ ഒരു ശതമാനം ഇളവ് ചെയ്തുകൊടുക്കും. ഈ പദ്ധതിയുടെ പലിശയിളവിനായി 10 കോടി രൂപ കെഎഫ്സിക്ക് വകയിരുത്തിയിട്ടുണ്ട്
സാമൂഹിക സുരക്ഷ ക്ഷേമപെൻഷൻ കുടിശിക കൊടുത്തുതീർക്കുമെന്ന് മന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞെങ്കിലും ഇത്തവണത്തെ ബഡ്ജറ്റിൽ പെൻഷൻ തുക ഉയർത്തുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനമില്ല
കെഎൻ ബാലഗോപാൽ പറഞ്ഞത്:
രാജ്യത്തെ ഏറ്റവും ബൃഹത്തായ സാമൂഹിക സുരക്ഷ പെൻഷൻ പദ്ധതി കേരളത്തിലാണ്. 60 ലക്ഷത്തോളം പേർക്ക് പ്രതിമാസം 1600 രൂപ പെൻഷനായി നൽകുന്നതിന് 11,000 കോടി രൂപയിലധികമാണ് സർക്കാർ ചെലവാക്കുന്നത്. 33110 കോടി രൂപയാണ് ഈ സർക്കാർ ഇതുവരെ പെൻഷൻ നൽകുന്നതിനായി ചെലവാക്കിയത്. കേന്ദ്ര വകയായി രണ്ട് ശതമാനം തുക മാത്രമാണ് ലഭിക്കുന്നത്. ഇനി മൂന്ന് കുടിശികകളാണ് കൊടുത്തു തീർക്കാനുള്ളത്. അത് സമയ ബന്ധിതമായി കൊടുത്തുതീർക്കും.
വിവിധ ന്യൂനപക്ഷ ക്ഷേമ പദ്ധതികൾക്കായി 105.63 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. മുൻ വർഷത്തേക്കാൾ എട്ട് കോടി രൂപയിലധികമാണിത്. മുന്നോക്ക വിഭാഗക്കാരുടെ ക്ഷേമത്തിനായി മുൻവർഷത്തേക്കാൾ മൂന്ന് കോടി രൂപ കൂടി ഉയർത്തി 38 കോടി രൂപ വകയിരുത്തി. സാമൂഹിക സുരക്ഷിതത്വവും ക്ഷേമത്തിനുമായി 706.71 കോടി രൂപയും വകയിരുത്തി. മുൻ വർഷത്തേക്കാൾ 80.98 കോടി രൂപ അധികമാണിത്.
സാമൂഹ്യസുരക്ഷാ പെൻഷൻ ഇനത്തിൽ ഈ സർക്കാർ 42 മാസം കൊണ്ട് വിതരണം ചെയ്തത് 33,210.68 കോടി രൂപയാണ്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ കുടിശ്ശിക ഉൾപ്പെടെ ഒന്നാം പിണറായി സർക്കാർ 60 മാസം കൊണ്ട് വിതരണം ചെയ്തത് 35,089.19 കോടി രൂപയായിരുന്നു. രണ്ടാം പിണറായി സർക്കാർ അഞ്ച് വർഷം പൂർത്തിയാക്കുമ്പോൾ ചുരുങ്ങിയത് 50,000 രൂപയിലധികം ക്ഷേമപെൻഷനായി നൽകും. പേൻഷൻ ചിലരെങ്കിലും തെറ്റായി കൈപ്പറ്റുന്നുണ്ട്. ഇത് അനുവദിക്കാൻ കഴിയില്ല. തദ്ദേശ തലത്തിൽ സോഷ്യൽ ഓഡിറ്റ് നടത്തി അനർഹരായവരെ ഒഴിവാക്കാൻ നടപടി സ്വീകരിക്കും.