കൊറോണവൈറസ് സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത് വ്യാജ വാര്‍ത്തകളുടെ കുത്തൊഴുക്കാണ്. ആരോഗ്യപ്രവര്‍ത്തകരും സര്‍ക്കാറും വ്യാജപ്രചാരണങ്ങള്‍ക്കൊണ്ട് നന്നായി ബുദ്ധിമുട്ടുന്നുമുണ്ട്. ഈ ഗണത്തിലേക്ക് ഏറ്റവും ഒടുവിലായി എത്തിയതാണ് ബ്രോയിലര്‍ കോഴികളില്‍ കൊറോണവൈറസ് കണ്ടെത്തിയെന്നത്. വാട്സ് ആപ്പിലാണ് ഈ പ്രചാരണം ചൂടുപിടിച്ചത്. മുംബൈയാണ് പ്രചാരണത്തിന്റെ ഉറവിടം. ബ്രോയിലര്‍ കോഴികളില്‍ വൈറസ് കണ്ടെത്തിയെന്നും മുംബൈ ഖാറിലെ മുസ്ലിം സമുദായത്തിന്റെ പൊതുസേവനമാണ് സന്ദേശമെന്നും പറയുന്നു.
ബ്രോയിലര്‍, കൊറോണവൈറസ് എന്നിവ അക്ഷരത്തെറ്റോടെയാണ് എഴുതിയിരിക്കുന്നതെങ്കിലും വാട്സ് ആപ് ഗ്രൂപ്പുകളില്‍ പറക്കുകയാണ്. ഇതേ സന്ദേശം ചിലയിടത്ത് കോഴിക്ക് പകരം ഇറച്ചിയിലായും പ്രചരിക്കുന്നുണ്ട്.
അതേസമയം, ബൂം ലൈവ് നടത്തിയ അന്വേഷണത്തില്‍ സന്ദേശം വ്യാജവും അടിസ്ഥാന രഹിതവുമാണെന്ന് കണ്ടെത്തി. ചൈനയില്‍ ഉത്ഭവിച്ച കൊറോണവൈറസ് ഇതുവരെ കോഴികളില്‍ കണ്ടെത്തിയിട്ടില്ല. ഹുനാന്‍ സീഫുഡ് മാര്‍ക്കറ്റില്‍ നിന്നാണ് വൈറസ് പടര്‍ന്നതെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രാഥമിക നിഗമനം. വവ്വാലില്‍ നിന്ന് മനുഷ്യരിലേക്കും പിന്നീട് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പടരുകയായിരുന്നുവെന്നാണ് ഇതുവരെയുള്ള കണ്ടെത്തല്‍. കോഴികളില്‍ കണ്ടെത്തിയെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും വിദഗ്ധരെ ഉദ്ധരിച്ച് ബൂംലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു.