ചെന്നൈ: മിഗ്ജോം ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതയില്‍ തമിഴ്നാട്. ചുഴലിക്കാറ്റ് നാളെ പുലർച്ചയോടെ കര തൊടും. നിലവിൽ ചെന്നൈ തീരത്ത് നിന്ന് 150 കിലോമീറ്റർ ദൂരത്താണ് ചുഴലിക്കാറ്റുള്ളത്. ഇതിന്റെ പ്രഭാവത്തിൽ തമിഴ്നാടിന്റെ തീരദേശ ജില്ലകളിൽ ശക്തമായ മഴയും, കാറ്റുമാണ് അനുഭവപ്പെടുന്നത്. ചെന്നൈ നഗരം വെള്ളക്കെട്ടിലായി. ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പ്പെട്ട് ജില്ലകള്‍ക്ക് അവധി നല്കി. സ്വകാര്യസ്ഥാപനങ്ങളില്‍ വര്‍ക്ക് ഫ്രം ഹോം സംവിധാനം ഏര്‍പ്പെടുത്തി. ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ 118 ട്രെയിനുകള്‍ റദ്ദാക്കി ഇന്ത്യന്‍ റയില്‍വേ. കേരളത്തില്‍ നിന്നും, കേരളത്തിലേക്കുമുള്ള 35 ട്രെയിനുകളും റദ്ദാക്കി.
തമിഴ്നാട്ടില്‍ മഴ ശക്തമായതോടെ ആന്ധപ്രദേശും ജാഗ്രതാനിര്‍ദേശം ഇറക്കി. വന്ദേഭാരത് അടക്കം ചെന്നൈയിലേക്കുള്ള 6 ട്രെയിനുകള്‍ കൂടി റദ്ദാക്കി. വടക്കന്‍ തമിഴ്നാട്ടില്‍ ഇപ്പോഴും കനത്ത മഴ തുടരുകയാണ്. ചെന്നൈ നഗരത്തില്‍ മിക്കയിടത്തും വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്.
ദേശീയ ദുരന്തനിവാരണ സേനയും സംസ്ഥാന ദുരന്തനിവാരണ സേനയും സജ്ജമാണെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് അറിയിച്ചു. ഇന്ന് വൈകിട്ട് വരെ മഴ തുടരുമെന്ന് മുന്നറിയിപ്പുണ്ട്.