മൂവാറ്റുപുഴ: ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി മൂവാറ്റുപുഴ ബി.ആര്.സി യില്‍ കഴിഞ്ഞ നവംബര്‍ 27 ന് ആരംഭിച്ച ഭിന്നശേഷി വാരാചരണം സമാപിച്ചു. മൂവാറ്റുപുഴ മുനിസിപ്പല്‍ പാര്‍ക്കില്‍ നടന്ന സമാപന സമ്മേളനം നഗരസഭ ചെയര്‍പേഴ്സണ്‍ ഉഷ ശശിധരന് ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പ്രമീള ഗിരീഷ്കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എന്‍.അരുണ്‍ മുഖ്യ പ്രഭാഷണം നടത്തി. എസ്.എസ്.എ ജില്ലാ പ്രോഗ്രാം ഓഫീസര്‍ പി.ജ്യോതിഷ് പദ്ധതി വിശദീകരണം നടത്തി.
പഞ്ചായത്ത് പ്രസിഡന്റ്മാരായ ലീല ബാബു, ആലീസ് കെ ഏലിയാസ്, കാനറ ബാങ്ക് മാനേജര്‍ ജിജോ ചെറിയാന് ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ വിജയ.ആര് എന്നിവര്‍ സംസാരിച്ചു. ബെസ്റ്റ് റെഡ് ക്രോസ് വാളന്റിയര്‍ അവാര്‍ഡ് നേടിയ ജിമ്മി ജോസിനെ ആദരിച്ചു. വാഴപ്പിള്ളി അസ്സീസി സ്കൂള്‍ കുട്ടികളുടെ ബാന്റ് മേളത്തോടെയാണ് മുഖ്യാതിഥികളെ പാര്‍ക്കിലേക്ക് സ്വാഗതം ചെയ്തത്. ഭിന്നശേഷിക്കാരായ കുട്ടികളുടെയും രക്ഷിതാക്കളുടെയും വിവിധ കലാപരിപാടികള്‍ നടന്നു. ഏഷ്യാനെറ്റ് കോമഡി സ്റ്റാര്‍ ഫെയിം ബില്‍ബിന്‍ ഗിന്നസ് കോമഡി ഷോ അവതരിപ്പിച്ചു. എല്ലാ കുട്ടികള്‍ക്കും ആര്.എം.എസ്.എ ജില്ലാ ട്രെയിനര്‍ നീതു സമ്മാന വിതരണം നടത്തി. ബി.പി.ഒ എന്‍.ജി രമാദേവി സ്വാഗതവും റിസോഴ്സ് ടീച്ചര്‍ ജെയിന്.പി.പോള്‍ നന്ദിയും പറഞ്ഞു.