മൂവാറ്റുപുഴ: പ്രദേശത്തെ പുരാതന ജലസ്രോതസ്സുകളായ ആനിക്കാട് ചിറയുടെയും സമീപത്തുള്ള പൂതക്കുഴി ചിറയുടെയും നവീകരണപദ്ധതികള്‍ക്ക് തുടക്കമായി. ഇന്നലെ ആനിക്കാട് ചിറപ്പടിയില്‍ നടന്ന ചടങ്ങില്‍ എല്‍ദോ എബ്രഹാം എം.എല്‍.എ. ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ഡി എന്‍.വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ലാന്‍ഡ് ഡെവലപ്മെന്റ് കോര്പ്പറേഷന് എം.ഡി. പി.രാജീവ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി.എം. ഹാരിസ്, മേരി ബേബി, പഞ്ചായത്ത് വൈസ്പ്രസിഡന്റ് ബല്‍ക്കീസ് റഷീദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.കെ.അജി, ജോജി കുറുപ്പാമഠം, ഷിബു പരീക്കല്‍, ജോര്‍ജ് മോനിപ്പിള്ളില്‍, മനോജ് പി.ടി., അയൂബ് ഖാന്, സിനി സത്യന്, സുഹറ സിദ്ദീഖ് തുടങ്ങിയവര്‍ പങ്കെടുത്തു.
നബാഡിന്റെ ആര്.ഐ.ഡി.എഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ചിറ നവീകരണത്തിന് 2.4-കോടി രൂപ അനുവദിച്ചത്. ചിറയിലെ ചെളി കോരി ചിറയുടെ ആഴം വര്‍ദ്ധിപ്പിച്ചശേഷം ചിറയുടെ സംരക്ഷണ ഭിത്തി ബലപ്പെടുത്തി ചിറയ്ക്ക് ചുറ്റും യു.ആകൃതിയില്‍ നടപ്പാത നിര്‍മിച്ച് മനോഹരമാക്കും. ഇതോടൊപ്പം റോഡില്‍ നിന്നുള്ള മലിനജലം ചിറയിലേയ്ക്ക് ഒഴുകാതിരിക്കാന്‍ ഓടയും നിര്‍മിക്കും. കേരള ലാന്റ് ഡവലപ്മെന്റ് കോര്‍പ്പറേഷനാണ് പ്രൊജക്ട് തയ്യാറാക്കിയത്. മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ ഏറ്റവും വലുതും അതിപുരാതനവുമായ ആനിക്കാട് ചിറ നവീകരിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. രണ്ട് ഏക്കറോളം സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന ചിറ ഇന്ന് പായലും മാലിന്യങ്ങളുമായി ശോചനീയാവസ്ഥയിലാണ്.
ജില്ലയിലെ ഏറ്റവും ശുദ്ധമായ ഉറവകണ്ണികള് ഉളള ചിറകളില്‍ ഒന്നാണിത്. മുന്‍കാലങ്ങളില്‍ ഈ ചിറയിലെ വെളളം കുടിവെളളത്തിനായി ഉപയോഗിച്ചിരുന്നതായി പഴമക്കാര്‍ പറയുന്നു. മുവാറ്റുപുഴയുടെ ടൂറിസം സാധ്യതകളില്‍ ആനിക്കാട് ചിറ സ്ഥാനം പിടിക്കാന്‍ സാദ്ധ്യയുള്ള ചിറ ഒരു പ്രദേശത്തിന്റെ ശുദ്ധജല സ്രോതസുകളില്‍ ഒന്നാണ്. ചിറ സംരക്ഷിക്കണമെന്ന ആവശ്യം പല കോണുകളില്‍ നിന്നും ഉയരാറുണ്ടങ്കിലും ചിറയുടെ നവീകരണം കടലാസിലൊതുങ്ങുകയായിരുന്നു. ചിറയുടെ സംരക്ഷണം വിവിധ സംഘടനകള്‍ പലഘട്ടങ്ങളിലും ഏറ്റെടുത്ത് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ടങ്കിലും ഇവയെല്ലാം പാതിവഴിയില്‍ ഉപേക്ഷിക്കുകയാണ് പതിവ്. പ്രദേശവാസികള്‍ എല്‍ദോ എബ്രഹാം എംഎല്‍എക്ക് നിവേദനം നല്‍കിയതിനെ തുടര്‍ന്നാണ് ചിറയുടെ നവീകരണത്തിനായി ലാന്റ് ഡവലപ്മെന്റ് കോര്‍പ്പറേഷനെ കൊണ്ട് ഏറ്റെടുപ്പിച്ച് നവീകരണത്തിന് പദ്ധതി തയ്യാറാക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. ഇതോടെയാണ് ആനിക്കാട് ചിറയുടെ നവീകരണത്തിന് കളമൊരുങ്ങുന്നത്.