ചെറുതോണി : പിതാവിന്റെ പേരിൽ കഞ്ഞിക്കുഴി മഴുവടിയിലുള്ള ഉമ്മൻചാണ്ടിക്കോളനിയിലെത്തിയ ചാണ്ടി ഉമ്മന് സ്നേഹോഷ്മളമായ സ്വീകരണമൊരുക്കി കോളനിക്കാർ ഇനി ചാണ്ടി ഉമ്മനാണ് തങ്ങളുടെ രക്ഷാകർത്താവെന്ന് കോളനിക്കാർ ഒരേ സ്വരത്തിൽ പറഞ്ഞു.
തന്റെ പിതാവിനോട് കോളനി നിവാസികൾ കാട്ടിയ സ്നേഹത്തിന് പകരം നല്കാൻ തന്റെ ജന്മം കൊണ്ടാവില്ലെന്ന് ചാണ്ടി ഉമ്മൻ കോളനിക്കാരെ ചേർത്ത് പിടിച്ച് പറയുമ്പോൾ അവർ വിതുമ്പി.
കുടുംബബന്ധം എന്നത് രക്തബന്ധത്തിൽ അവസാനിക്കുന്നതല്ലെന്നും ജാതിക്കും മതത്തിനും സ്ഥാനമില്ലാത്തവിധം ആ കുടുംബത്തെ ഒന്നായി കാണുവാനാണ് അന്ത്യയാത്രയിൽ തന്റെ പിതാവ് തന്നെ പഠിപ്പിച്ചതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
തന്റെ ജീവിതാവസാനം വരെ കോളനിക്കാരുടെ സുഖദുഃഖങ്ങളിൽ കൂടെയുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. ഡി .സി.സി. പ്രസിഡൻറ് സി.പി. മാത്യു, മുതിർന്ന കോൺഗ്രസ് നേതാക്കളായ എ.പി. ഉസ്മാൻ, ആഗസ്തി അഴകത്ത്, അഡ്വ. അനീഷ് ജോർജ്, അനിൽ ആനയ്ക്കനാട്ട്, പി.ഡി. ജോസഫ്, ജോസ് ഊരക്കാട്ട്, പി.ഡി. ശോശാമ്മ, ഉമ്മൻചാണ്ടിക്കോളനിയിലെ ഊരുമൂപ്പൻ സുകുമാരൻ കുന്നുംപുറത്ത്, കാണി കെ.കെ. രാജപ്പൻ തുടങ്ങിയവർ ചേർന്നാണ് ചാണ്ടി ഉമ്മനെ സ്വീകരിച്ചത്.